ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ ഫ്ലാറ്റിൽ വെച്ച് കുത്തേറ്റു. ആറോളം കുത്തേറ്റ നടൻ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ കുത്തേറ്റു എന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ലോകം ഉണർന്നത്. ജനുവരി 16 വ്യാഴാഴ്ച പുലർച്ചെയാണ് സെയിഫും ഭാര്യ കരീനയും താമസിക്കുന്ന ബാന്ദ്രയിലെ ഫ്ലാറ്റില്‍ കവര്‍ച്ചയ്ക്ക് എത്തിയാള്‍ സെയ്ഫിനെ ആറുതവണ കത്തികൊണ്ട് കുത്തിയത്. പ്രതി പിന്നീട് രക്ഷപ്പെട്ടു. സെയ്ഫിനെ മകൻ ഇബ്രാഹിം അലി ഖാനാണ് സെയ്ഫിനെ പിന്നീട് ആശുപത്രിയിലെത്തിച്ചതെന്ന വാര്‍ത്ത പിന്നീട് പുറത്തുവന്നു. 

പുലർച്ചെ മൂന്ന് മണിയോടെ 23കാരനായ സെയ്ഫിന്‍റെ മകന്‍ ഇബ്രാഹിം രക്തം വാർന്നു കിടന്ന പിതാവിനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത് എന്നാണ് വിവരം. മുംബൈ പോലീസ് പറയുന്നതനുസരിച്ച്, ഇബ്രാഹിമും സെയ്ഫിന്‍റെ ഫ്ലാറ്റിലെ കെയര്‍ടേക്കറും ചേര്‍ന്നാണ് അദ്ദേഹത്തെ നടന്‍റെ ബാന്ദ്രയിലെ വീട്ടിൽ നിന്ന് 2-3 കിലോമീറ്റർ അകലെയുള്ള ലീലാവതി ആശുപത്രിയിലേക്ക് എത്തിച്ചത്. ആ സമയത്ത് വീട്ടിൽ ഡ്രൈവർ ഇല്ലാതിരുന്നതിനാൽ നടനെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് ഡിഎന്‍എ പത്രം പറയുന്നത്. 

ആറോളം കുത്തേറ്റ സെയ്ഫ് ഇപ്പോൾ അപകടനില തരണം ചെയ്തുവെന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ച ലീലവതി ആശുപത്രി അധികൃതര്‍ പറയുന്നത്. ശസ്ത്രക്രിയ നടത്തിയെന്നും സെയ്ഫ് ഇപ്പോൾ അപകടനില തരണം ചെയ്തതായും ആശുപത്രി സിഇഒ പ്രസ്താവനയിൽ അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം സെയ്ഫിനെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റിയെന്നും. റൂമിലേക്ക് മാറ്റുന്നത് അടക്കം നാളെ തീരുമാനിക്കുമെന്നും. ഇപ്പോൾ നടന്‍ തികച്ചും സുഖമായി കാണപ്പെടുന്നുവെന്നും പറഞ്ഞു. 

അതേ സമയം അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. അക്രമിയുടെ ലക്ഷ്യം മോഷണമായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

എമർജൻസി സ്‌റ്റെയർകെയിസ് വഴിയാണ് ഇയാൾ 11-ാം നിലയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പിടികൂടാൻ പത്ത് സംഘങ്ങളായി തിരിഞ്ഞ് ബാന്ദ്ര പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണത്തില്‍ സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സെയ്ഫ് അലി ഖാന് നേരെ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞു, കാരണം വെളിപ്പെടുത്തി പൊലീസ്

അർജുൻ അശോകനും ബാലു വർഗീസും അപ്രതീക്ഷിതമായി എത്തി; കൊച്ചിയിൽ പ്രേക്ഷകർക്ക് സർപ്രൈസ്