പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സീതാകല്ല്യാണം ദുഃഖഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരയിലെ പ്രധാനകഥാപാത്രമായ അജയ് ഇനിയില്ലേ എന്നതാണ് പരമ്പരയെ ആകാംക്ഷയിലാക്കുന്നത്. സഹോദരസ്‌നേഹത്തിന്റെ ആഴം വൈകാരിക തീവ്രതയോടെ ഒപ്പിയെടുക്കുന്ന സീതാകല്ല്യാണം പറയുന്നത് സീത, സ്വാതി, ശ്രാവണി എന്നീ മൂന്ന് സഹോദരിമാരുടെ കഥയാണ്. മൂവരുടെയും ആത്മബന്ധവും അവരെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന രാജേശ്വരി എന്ന അമ്മായിയമ്മയും, ആരുടെകൂടെ നില്‍ക്കണം എന്നറിയാതെ കുഴയുന്ന സീതയുടേയും സ്വാതിയുടേയും ഭര്‍ത്താക്കന്മാരായ കല്ല്യാണ്‍, അജയ് എന്നിവരും പരമ്പരയിലേക്ക് പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

സീതയെ കൊല്ലാനായുള്ള രാജേശ്വരിയുടേയും തീപ്പൊരി ഭാസ്‌ക്കരന്റെയും പദ്ധതിയില്‍ അജയ് ആണ് പെട്ടുപോകുന്നത്. സീതയെ കൊല്ലാനുള്ള കത്തിയുമായി തീപ്പൊരി സീതയ്ക്കുനേരെ പാഞ്ഞടുക്കുമ്പോള്‍ ഇടയ്ക്ക് കയറിയ അജയിനെ തീപ്പൊരി കുത്തിക്കൊല്ലുകയാണ്. ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ കിടത്തുകയും ചെയ്തു. പുതിയ എപ്പിസോഡില്‍ മൃതദേഹം തിരിച്ചറിയാനായി മോര്‍ച്ചറിയിലേക്ക് പോകുന്ന കല്ല്യാണിനെയാണ് കാണിക്കുന്നത്. അജയ് ആകരുതേ അതെന്നാണ് കാഴ്ച്ചക്കാരന്റേയും, കല്ല്യാണിന്റെയും പ്രാര്‍ത്ഥനകളെല്ലാം. എന്നാല്‍ താന്‍ പാലൂട്ടിവളര്‍ത്തിയ ഭാസ്‌ക്കരനെന്ന പാമ്പ് തന്നെത്തന്നെ കൊത്തിയതറിയാതെ, സീത മരണത്തില്‍നിന്നും രക്ഷപ്പെട്ടതിന് സങ്കടപ്പെടുകയാണ് രാജേശ്വരി.

സീതയുടെ വിവാഹവാര്‍ഷിക ആഘോഷങ്ങള്‍ വീട്ടില്‍ നടക്കുമ്പോഴാണ് വീട്ടിലെ ഈ അത്യാഹിതം. എന്നാല്‍ തന്റെ ഭര്‍ത്താവ് മരിച്ചതറിയാതെ സ്വാതി, അജയ്ക്കായി പായസവും മറ്റും ഉണ്ടാക്കുകയാണ്. ഇതെല്ലാം കാണുന്ന സീതയുടെ ഹൃദയം പിടയുന്നുണ്ട്. മോര്‍ച്ചറിയിലുള്ളത് അജയുടെ മൃതദേഹം തന്നെയാണോ എന്നുനോക്കാനെത്തിയ ഏട്ടന്റെ പിടയുന്ന മനസ്സും കല്ല്യാണില്‍ കാണാം. എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നതെന്നറിയാന്‍ പുതിയ എപ്പിസോഡുകള്‍ക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു.