തനിക്കെതിരെ സംഘടിത ആക്രമണവും ഗൂഢാലോചനയും നടക്കുന്നുവെന്ന് നടൻ ബാല വെളിപ്പെടുത്തി. 

കൊച്ചി: തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് നടന്‍ ബാല. താന്‍ ഒരിക്കലും വിചാരിക്കാത്ത വ്യക്തി പണത്തിന് വേണ്ടി തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് ബാല പറയുന്നത്. ആ വ്യക്തിയുടെ പേര് പറയാന്‍ സാധിക്കില്ലെന്നും. എന്നാല്‍ തന്‍റെ വാക്കുകളാണ് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും ബാല വീഡിയോയില്‍ വ്യക്തമാക്കി. 

തനിക്കെതിരെ പല കേസുകള്‍ വന്നെങ്കിലും ഒന്നു സംഭവിച്ചില്ല. എനിക്കെതിരെ പണത്തിന് വേണ്ടി സംഘടിതമായ ആക്രമണമാണ് നടക്കുന്നത് അന്ന് തന്നെ ഞാന്‍ പറഞ്ഞിരുന്നു. പിന്നാലെ മൂന്നാം തീയതി ഒരു കാര്യം കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി. ഒരിക്കലും വിചാരിച്ചില്ല. പക്ഷെ പേര് പറയാന്‍ പറ്റില്ല. അവരും കാശിന് വേണ്ടിയായിരുന്നു അത് ചെയ്തത്. എന്‍റെ വാക്കുകള്‍ ശരിയായിരുന്നു, എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ ബാല പറയുന്നത്. 

പക്ഷെ ഈ റിപ്പോര്‍ട്ട് എടുത്ത് കാണിച്ച് ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല. നമ്മള്‍ പണിയെടുത്ത് വിയര്‍ത്ത് കാശുണ്ടാക്കിയിട്ട് വേണം എല്ലാവരെയും സഹായിക്കാന്‍. അല്ലാതെ മറ്റുള്ളവരുടെ സ്വത്ത് കട്ടിട്ട് ആകരുതെന്നും ബാല വീഡിയോയില്‍ പറയുന്നു. 

കോകിലയാണ് വീഡിയോ എടുക്കുന്നത് എന്ന് തുടക്കത്തില്‍ ബാല പറയുന്നുണ്ട്. കോകിലയുടെ ശബ്ദവും ആദ്യം കേള്‍ക്കാന്‍ പറ്റുന്നുണ്ട്. 

അടുത്തിടെ ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും കേസെടുത്തിരുന്നു പൊലീസ്. മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് ഈ മാസം ഏഴിന് കടവന്ത്ര പൊലീസ് കേസ് എടുത്തത്. ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ് പരാതി. 

ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിർമിച്ചെന്നും ആരോപണമുണ്ട്. ഉടമ്പടി പ്രകാരമുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചില്ലെന്നും പരാതിയുണ്ട്. വ്യാജ രേഖകൾ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും അമൃതയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

അതേ സമയം മുൻ പങ്കാളി എലിസബത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു ബാല. എലിസബത്ത് സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് ആരോപണം. എലിസബത്തിനെതിരെയും യൂട്യൂബർ അജു അലക്സിനെതിരെയും ബാലയുടെ ഭാര്യ കോകിലയും പരാതി നൽകിയത്.

മുന്‍ പങ്കാളി എലിസബത്ത്, യൂട്യൂബർ അജു അലക്സ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് നടന്‍ ബാലയും ഭാര്യ കോകിലയും പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വെബ് സിരീസ് പോലെ വീഡിയോകൾ നിർമ്മിച്ച് തന്റെ കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഭീഷണി കോൾ വന്നുവെന്നും ഇതിൽ ചെകുത്താൻ എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ കോണ്ടെന്‍റ് ക്രിയേറ്റര്‍ ആയ അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും ബാല പറഞ്ഞു.