രാംചരൺ-ജാൻവി കപൂർ ഒന്നിച്ച തെലുങ്ക് ചിത്രം 'പെഡ്ഡി'ക്കെതിരെ വ്യാപക വിമർശനം. നായികയായ ജാൻവിയുടെ കഥാപാത്രത്തെ മോശമായും സ്ത്രീവിരുദ്ധമായും ചിത്രീകരിച്ചുവെന്ന് പ്രേക്ഷകർ ആരോപിക്കുന്നു. സിനിമയിൽ നടിയെ ഒരു ഉപഭോഗവസ്തുവായി കാണിക്കുന്നെന്നും വിമര്‍ശനം.
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട തെലുങ്ക് ചിത്രമാണ് രാംചരൺ നായകനായി എത്തിയ പെഡ്ഡി. ജാൻവി കപൂർ നായികയായി എത്തിയ ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിലും എത്തി. എന്നാൽ സിനിമയ്ക്ക് എതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ജാൻവി കപൂർ അവതരിപ്പിച്ച അച്ചിയമ്മ എന്ന കഥാപാത്രത്തിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്. കഥാപാത്രത്തെ വളരെ മോശമായും സ്ത്രീത്വത്തിന് വിരുദ്ധമായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിമർശനങ്ങൾ. ഒപ്പം സംവിധായകൻ ബുച്ചി ബാബുവിനും വലിയ വിമർശനം വരുന്നുണ്ട്.
പല രംഗങ്ങളും അതിക്രമമായാണ് കാണേണ്ടതെന്നും അതിനെ പ്രണയമായാണ് കണക്കാക്കിയിരിക്കുന്നതെന്നും ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നു. സ്ത്രീയെ വെറും ഉപഭോഗവസ്തുവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഏത് നാട്ടുംപുറത്തുകാരിയാണ് ദാവണി സാരി അഴിച്ച് മാറ്റി റോഡിലൂടെയും മറ്റും നടക്കുന്നതെന്നും ഇവർ ചോദിക്കുന്നുണ്ട്. പല രംഗങ്ങളിലും ജാൻവി കപൂറിന്റെ മാറും അരക്കെട്ടുമാണ് ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡയറക്ടർക്ക് നാണമില്ലേന്ന് ഇവർ ചോദിക്കുന്നുണ്ട്. നായകൻ നായികയുടെ മുഖം വർണിക്കുമ്പോൾ എന്തിനാണ് മാറും അരക്കെട്ടും കാണിക്കുന്നതെന്നും ചോദ്യമുയരുന്നുണ്ട്.
"സിനിമയിലെ ഏറ്റവും അസഹനീയമായ പോർഷൻസ് ജാൻവി കപൂർ വരുന്ന ഭാഗങ്ങളാണ്. ക്രിഞ്ച് ഫെസ്റ്റ് ആണ് അവരുടെ രംഗങ്ങൾ. മുഖം കാണിക്കുമ്പോൾ മാക്സിമം ഓവർ ആക്ടിംഗ് ആയതുകൊണ്ടാണോ എന്തോ പടത്തിൽ കൂടുതലും അവരുടെ മാറും, അരക്കെട്ടും, മറ്റ് ശരീരഭാഗങ്ങളിലും ഒക്കെ ഫോക്കസ് ചെയ്യാനാണ് ക്യാമറാമാനോട് സംവിധായകൻ പറഞ്ഞിട്ടുള്ളത്(പിന്നെ ഈ സിനിമ മാത്രമല്ല ഈയിടയായി ഇറങ്ങുന്ന ജാൻവിയുടെ എല്ലാ പടങ്ങളിലും ഇതേ അവസ്ഥ തന്നെയാണ്. ആക്റ്റിങ് പോരാ എന്ന് ആരോ പറഞ്ഞു എന്ന് തോന്നുന്നു, സോ മാക്സിമം 'നെഞ്ചുവിരിച്ച്' ഉള്ള ഐ ക്യാൻഡി റോളുകൾ ചെയ്തു തീർക്കുന്നു-കാശ് വാങ്ങുന്നു, അത്രതന്നെ)", എന്നാണ് ഒരു പ്രേക്ഷകൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
"സിനിമയിലെ നായികമാരെ ലൈംഗീകവൽക്കരിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. ഹീറോ അവളുടെ മുഖം വിവരിക്കുന്ന സീനുണ്ട്, പക്ഷേ അവർ അവളുടെ അരക്കെട്ടും നെഞ്ചുമാണ് മുഖത്തിന് പകരം കാണിക്കുന്നത്. ഇത്രയും അധഃപതിച്ചോ തെലുങ്ക് സിനിമ, നായികമാരെ എന്തിന് ഇങ്ങനെ ഉപഭോഗവസ്തു ആക്കുന്നു? എന്നാലെ ജനങ്ങൾ സിനിമ കാണുകയള്ളൂ എന്നാണോ വിചാരം?, ഇങ്ങനൊരു വേഷം ചെയ്യാൻ ജാൻവിക്ക് നാണമില്ലേ? അതോ ബോളിവുഡിൽ അവസരങ്ങളില്ലേ? സ്ത്രീകൾക്ക് തന്നെ നാണക്കേട്", എന്നിങ്ങനെ പോകുന്നു വിമർശന കമന്റുകൾ.



