യുവ നായകൻ യുവ രാജ്കുമാറിന്‍റെ മുൻ ഭാര്യ ശ്രീദേവിക്കെതിരെയാണ് 10 കോടി രൂപയുടെ മാനനഷ്ടക്കേസ് കന്താര നായിക സപ്തമി ഗൗഡ നൽകിയിരിക്കുന്നത്.
ബെംഗളൂരു: കന്നഡ സിനിമാലോകത്ത് ഇപ്പോള്‍ വിവാദങ്ങളുടെ കാലമാണ്. അരുണ സ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കന്നഡയിലെ സ്റ്റാർ ഹീറോ ദർശനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെ ദര്‍ശന്‍റെ മാനേജര്‍ ആത്മഹത്യ ചെയ്തതും ഇപ്പോള്‍ വിവാദമാകുന്നു. അതിനിടെയാണ് കാന്താര അടക്കം ചിത്രങ്ങളിലെ നായിക സപ്തമി ഗൗഡ താന്‍ അഭിനയിച്ച അവസാന ചിത്രത്തിലെ നായകന്‍റെ മുന്‍ ഭാര്യയ്ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.
യുവ നായകൻ യുവ രാജ്കുമാറിന്‍റെ മുൻ ഭാര്യ ശ്രീദേവിക്കെതിരെയാണ് 10 കോടി രൂപയുടെ മാനനഷ്ടക്കേസ് കന്താര നായിക സപ്തമി ഗൗഡ നൽകിയിരിക്കുന്നത്. യുവ രാജ്‌കുമാർ കന്നഡ ഹീറോ ശിവ രാജ്കുമാറിന്‍റെ സഹോദരന്‍റെ മകനാണ്. യുവ എന്ന ചിത്രത്തിലൂടെ യുവ രാജ്‌കുമാർ കഴിഞ്ഞ മാര്‍ച്ചില്‍ നായകനായി അരങ്ങേറിയിരുന്നു. ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ റോളില്‍ യുവ എത്തിയ ചിത്രം എന്നാല്‍ ബോക്സോഫീസില്‍ പരാജയമായിരുന്നു.
കെജിഎഫ് അടക്കം ഹിറ്റുകള്‍ ഒരുക്കിയ ഹോംബാല ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രം ഇറങ്ങിയതിന് പിന്നാലെ യുവയുടെ ദാമ്പത്യത്തില്‍ പ്രശ്നം നേരിട്ടിരുന്നു. ജൂണ്‍ 13ന് വന്ന വാര്‍ത്തയില്‍ യുവയും ഭാര്യയും വേര്‍പിരിയലിന് അപേക്ഷ നല്‍കിയെന്നാണ് പറയുന്നത്.
ഇവരുടെ അഭിഭാഷകർ വാർത്താസമ്മേളനം നടത്തി പരസ്പരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് വലിയ വിവാദമായിരുന്നു. ആരോപണങ്ങളെ തുടർന്ന് താൻ ഇതുവരെ മൗനം പാലിച്ചെന്നും അന്തസ്സ് കാത്തുസൂക്ഷിച്ചുവെന്നും ഇനിയത് ഉണ്ടാകില്ലെന്നും ശ്രീദേവി ബൈരപ്പ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രസ്താവന നടത്തി. അവരുടെ വിവാഹമോചന കേസ് ജൂൺ 4 ന് പരിഗണിക്കാനിരിക്കുകയാണ്.
ഇത്തരത്തില്‍ ഒരു ആരോപണത്തിലാണ് സപ്തമി ഗൗഡയുമായി യുവയ്ക്ക് ഒരു വര്‍ഷത്തോളമായി ബന്ധമുണ്ടെന്നും അതാണ് പ്രധാനമായും ബന്ധം തകരാന്‍ കാരണമെന്നും ശ്രീദേവി ബൈരപ്പ ആരോപിച്ചത്. ഇതിനെതിരെയാണ് നടി സപ്തമി ഗൗഡ ഇപ്പോള്‍ കേസ് നല്‍കിയിരിക്കുന്നത്. 10 കോടി നഷ്ടപരിഹാരവും പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നുമാണ് സപ്തമി ഗൗഡയുടെ ആവശ്യം.
