പരമ്പര ഒളിപ്പിച്ച് വച്ചിരിക്കുന്ന കഥാഗതി എന്തെന്നറിയാനുള്ള ആകാംക്ഷയില്‍ പ്രേക്ഷകര്‍

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ സംഭവബഹുലമായ ജീവിതകഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും, എല്ലാവരുടേയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര. ഓരോ പ്രതിസന്ധികളെയും തന്റെ മിടുക്കുകൊണ്ട് തരണം ചെയ്ത് സുമിത്ര നടന്നുകയറിയത്, മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസുകളിലേക്കായിരുന്നു. സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയാണ് പരമ്പര തുടങ്ങിയത്. അതിനുശേഷം പലതരം പ്രതിസന്ധികളിലൂടെയാണ് ഈ കഥാപാത്രം സഞ്ചരിച്ചത്. അതില്‍ പ്രധാനമായിരുന്നു സാമ്പത്തിക പ്രയാസങ്ങള്‍.

സാമ്പത്തികമായി സുമിത്ര കരകയറിയെങ്കിലും അതുകണ്ട് അസൂയാലുവാകുന്ന സിദ്ധാര്‍ത്ഥിന്റെ പുതിയ ഭാര്യ വേദിക ഉണ്ടാക്കുന്ന പുതിയ പ്രശ്‌നങ്ങളായിരുന്നു പിന്നീടങ്ങോട്ട് പരമ്പരയെ നയിച്ചത്, ഇപ്പോഴും നയിക്കുന്നത്. ആദ്യഭാര്യയും രണ്ടാം ഭാര്യയും തമ്മിലെ പ്രശ്‌നങ്ങളിലൂടെ മാത്രം മുന്നോട്ട് പോയിരുന്നെങ്കില്‍ പരമ്പര പണ്ടേ പൂട്ടിക്കെട്ടേണ്ടിവന്നേനെ. എന്നാല്‍ സുമിത്രയുടെ പടിപടിയായുള്ള ഉയര്‍ച്ചയും, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും, കഥയിലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളും പരമ്പരയെ റേറ്റിംഗില്‍ മുന്‍ നിരയിലേക്ക് ഉയര്‍ത്തുകയായിരുന്നു. സിദ്ധാര്‍ത്ഥില്‍നിന്നും പിരിഞ്ഞ് കഴിയുന്ന സുമിത്ര, സുമിത്രാസ് എന്ന പേരിലുള്ള വസ്ത്രാലയമാണ് തുടങ്ങുന്നത്. അങ്ങനെ സുമിത്രാസ് വളരെ നന്നായി മുന്നോട്ട് പോകുമ്പോള്‍ സുമിത്രയുടെ സുഹൃത്തായ രോഹിത്ത് കഥയിലേക്കെത്തുന്നുണ്ട്. സുമിത്രാസ് വിദേശത്തേക്കും വ്യാപിപ്പിക്കാം എന്ന് പറയുന്ന രോഹിത്ത് അതിനായി സുമിത്രയെ സഹായിക്കുന്നുമുണ്ട്. എന്നാല്‍ സുമിത്രയുടെ ദുബായ് വ്യവസായം ചില പ്രശ്‌നങ്ങളാല്‍ നടന്നില്ല. സുമിത്രയുടെ കോളെജ് ക്രഷ് ആയിരുന്ന രോഹിത്ത് നല്ല സുഹൃത്താണെന്ന് ആളുകള്‍ വിശ്വസിക്കുമ്പോഴേക്കും, രോഹിത്തിന് സുമിത്രയോട് ഇപ്പോഴും ചെറിയൊരു പ്രണയമില്ലേ എന്ന് പലര്‍ക്കും തോന്നുകയും പലരും സംശയിച്ചപോലെ അത് സത്യമാവുകയുമായിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥ് കരുതിയിരുന്നത്, രോഹിത്ത് സുമിത്രയുടെ അടുത്ത സുഹൃത്തെന്നായിരുന്നു. എന്നാല്‍ പരമ്പരയുടെ പുതിയ എപ്പിസോഡില്‍, തനിക്കിപ്പോഴും സുമിത്രയോട് പ്രണയമാണെന്ന് സിസിദ്ധാര്‍ത്ഥിനോട് പറയുകയാണ് രോഹിത്ത്. അതുകേട്ട് സിദ്ധാര്‍ത്ഥ് ഞെട്ടുന്നുമുണ്ട്.

ALSO READ : വിവാഹത്തിന് മുന്‍പ് പരസ്‍പരം സംസാരിക്കേണ്ട 9 കാര്യങ്ങള്‍; അശ്വതി ശ്രീകാന്ത് പറയുന്നു

മറുവശത്ത് സിദ്ധാര്‍ത്ഥിന് ഇപ്പോഴും വേദികയോട് ഇഷ്ടമുണ്ടെന്നും, തന്നില്‍ നിന്നും അകലാന്‍ സിദ്ധാര്‍ത്ഥ് ശ്രമിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്ന വേദിക, സിദ്ധാര്‍ത്ഥിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. പണ്ട് സുമിത്രയെ ഒഴിവാക്കിയതുപോലെ തന്നെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍, ഫലം വളരെ മോശമായിരിക്കുമെന്നാണ് വേദിക സിദ്ധാര്‍ത്ഥിനോട് പറയുന്നത്. അത് കേള്‍ക്കുന്ന സിദ്ധാര്‍ത്ഥിന് വേദികയോടുള്ള ദേഷ്യം കൂടുകയാണ്. ഒപ്പം സുമിത്രയോടുള്ള സ്‌നേഹവും വര്‍ധിക്കുന്നു. സിദ്ധാര്‍ത്ഥിനും രോഹിത്തിനും സുമിത്രയോടുള്ള സ്‌നേഹം പരസ്യമാകുമ്പോള്‍, ഇരുവരും നേര്‍ക്കുനേര്‍ വരുമോയെന്നാണ് പരമ്പരയുടെ പ്രേക്ഷകര്‍ ചിന്തിക്കുന്നത്. എന്താണ് പരമ്പര ഒളിപ്പിച്ച് വച്ചിരിക്കുന്ന കഥാഗതി എന്നറിയാന്‍ വരുന്ന എപ്പിസോഡുകള്‍ക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു.