ലാല്‍ജോസ് ചിത്രം 'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന ചിത്രത്തിലൂടെ കരിയറിന്‍റെ രണ്ടാംഘട്ടം ആരംഭിച്ചയാളാണ് കുഞ്ചാക്കോ ബോബന്‍. തെരഞ്ഞെടുപ്പുകളില്‍ എല്ലാം വിജയം കണ്ടില്ലെങ്കിലും നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാവുക മാത്രമല്ല മുന്‍പ് തനിക്കുണ്ടായിരുന്ന സ്ക്രീന്‍ ഇമേജിനെ പൊളിച്ചെഴുതാനും ഈ നടന് കഴിഞ്ഞു. ഏറ്റവുമൊടുവില്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ തീയേറ്ററുകളില്‍ വിജയം കൊയ്ത ക്രൈം ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരയില്‍ എത്തുമ്പോഴേക്കും തന്‍റെ താരപരിവേഷം ഉയര്‍ത്തിയിട്ടുണ്ട് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ കുഞ്ചാക്കോ ബോബന്‍റെ പോസ്റ്റുകള്‍ക്കുള്ള റിയാക്ഷനുകള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാവും. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടുകയാണ്. 

ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു കുറിപ്പും ചേര്‍ത്താണ് ചാക്കോച്ചന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 'സമാധാനമുള്ള കുടുംബജീവിതത്തിനു വേണ്ട, ആ പഴയ സുവര്‍ണ്ണ നിയമം' തന്‍റേതായ രീതിയില്‍ പറയുകയാണ് അദ്ദേഹം. "സമാധാനമുള്ള കുടുംബജീവിതത്തിന് നിങ്ങള്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം ഭാര്യ പോകരുത്. (പക്ഷേ അവള്‍ ചൂണ്ടിക്കാണിക്കുന്നിടത്ത് വര വരയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം), ചാക്കോച്ചന്‍ തമാശ പൊട്ടിക്കുന്നു. അഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 41,000ല്‍ അധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്.

ലോക്ക് ഡൗണ്‍ കാലത്തെ കുഞ്ചാക്കോ ബോബന്‍റെ നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ളവയായിരുന്നു. വ്യായാമത്തിലും ബാഡ്‍മിന്‍റണ്‍ കളിയിലുമൊക്കെ വിയര്‍പ്പൊഴുക്കുന്നതിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. അതേസമയം കൊവിഡ് കാലത്ത് കുഞ്ചാക്കോ ബോബന്‍റെ രണ്ട് ചിത്രങ്ങള്‍ പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലുണ്ട്. ജിസ് ജോയിയുടെ മോഹന്‍കുമാര്‍ ഫാന്‍സ്, കമാല്‍ കെ എമ്മിന്‍റെ പട എന്നിവയാണ് ആ ചിത്രങ്ങള്‍.