ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യമത്സര വേദികളിൽ നിന്ന് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കി ബോളിവുഡിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ താരത്തിന് കഴിഞ്ഞു. പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്ക ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ പ്രിയങ്ക പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. അച്ഛന്റെ ആർമി യൂണിഫോം ധരിച്ചുള്ള കുട്ടിക്കാലത്തെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

“കുഞ്ഞ് പ്രിയങ്ക. എന്റെ വരാനിരിക്കുന്ന പുസ്തകത്തിലെ ആൽബത്തിൽ ഉൾപ്പെടുത്തിയ ഒരു പഴയ ചിത്രമാണിത്. അച്ഛന്റെ ആർമി യൂണിഫോം ധരിച്ച് വീടിന് ചുറ്റും അച്ഛന്റെ പിറകെ നടക്കാൻ ഞാനിഷ്ടപ്പെട്ടിരുന്നു. വളരുമ്പോൾ അദ്ദേഹത്തെ പോലെയാവാൻ ആഗ്രഹിച്ചു. അദ്ദേഹമായിരുന്നു എന്റെ ആരാധനപാത്രം. എന്റെ സാഹസികതയെ അച്ഛൻ പ്രോത്സാഹിപ്പിച്ചു, ഞാനൊരു കൊച്ചുകുട്ടിയായിരുന്നെങ്കിൽപ്പോലും. സ്വയം എക്സ്പ്ലോർ ചെയ്യാൻ ഞാനെപ്പോഴും ശ്രമിച്ചു, പുത്തൻ സാഹസികതൾ​ അന്വേഷിച്ചുകൊണ്ടിരുന്നു, പുതുതായി എന്തെങ്കിലും കണ്ടെത്താൻ ശ്രമിച്ചു. മുൻപ് ചെയ്യാത്ത എന്തെങ്കിലും ചെയ്യുക, ഇതുവരെ ആരും കണ്ടെത്താത്ത എന്തെങ്കിലും കണ്ടെത്തുക എന്നതായിരുന്നു എന്റെ ആഗ്രഹം. എപ്പോഴും ഒന്നാമതാവാൻ ആഗ്രഹിച്ചു. ഇപ്പോഴും ഞാൻ നിത്യേന ചെയ്യുന്ന ഓരോ ചെറിയ കാര്യത്തിലും ആ പ്രേരണയാണ് എന്നെ നയിക്കുന്നത്,”പ്രിയങ്ക ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

ആർമിയിൽ ഡോക്ടർമാരായി സേവനം അനുഷ്ഠിച്ചവരാണ് പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്രയും അമ്മ മധു ചോപ്രയും. ഏഴു വർഷങ്ങൾക്ക് മുൻപ് ജൂൺ 10നായിരുന്നു അശോക് ചോപ്ര മരിച്ചത്.