കറുത്തമുത്തിലെ നെഗറ്റീവ് കഥാപാത്രമായ ഗായത്രിയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്

റുത്തമുത്തിലെ നെഗറ്റീവ് കഥാപാത്രമായ ഗായത്രിയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. നിരവധി പരമ്പരകളിൽ വേഷമിട്ട് പ്രേക്ഷക പ്രിയം നേടിയ ദർശനയുടെ വിവാഹം വാർത്തയായിരുന്നു. സുമംഗലീഭവ എന്ന പരമ്പരയിലെ 'ദേവി' എന്ന വേഷം കൈകാര്യം ചെയ്യുന്ന സമയത്തായിരുന്നു ദര്‍ശന, പരമ്പരയുടെ അസിസ്റ്റന്‍റ് ഡയറക്ടറായ അനൂപിനെ വിവാഹം ചെയ്തത്.

അടുത്തിടെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വന്നതിന്‍റെ സന്തോഷം പങ്കുവച്ച് ദർശന എത്തിയിരുന്നു. ബേബി ബോയ്, ഈ ലോകത്തേക്ക് സ്വാഗതം എന്നൊരു കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ദർശന സന്തോഷം പങ്കുവച്ചത്. ആൺകുട്ടിയാണെന്നുള്ള വിശേഷവും അന്ന് ആരാധകരോടായി പങ്കുവച്ചിരുന്നു.

ഇപ്പോൾ തന്റെ കൊച്ചുമിടുക്കന്റെ ചിത്രത്തോടൊപ്പം ചെറു കുറിപ്പും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ദർശന. ' നിന്നെ കണ്ടുമുട്ടുന്നതിന് മുമ്പ് തന്നെ ഞാൻ നിന്നെ സ്നേഹിക്കുന്നു.... നിന്റെ ഓരോ അനക്കങ്ങളും ഞാൻ അറിഞ്ഞിരുന്നു... വലിയ, മികച്ച പാതയിലേക്ക് നീ എന്റെ ജീവിതത്തെ നയിച്ചു'- എന്നും ദർശന കുറിക്കുന്നു.

View post on Instagram

പരമ്പരയിലെ പരിചയത്തിനൊടുവിൽ വിവാഹിതയായതിനാൽ പ്രണയവിവാഹമാണെന്നും മറ്റുമുള്ള ഗോസിപ്പുകളും ഇരുവരെയും തേടിയെത്തിയിരുന്നു. തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നുവെന്നാണ് ദര്‍ശന ഇതിനോട് പ്രതികരിച്ചത്. കറുത്തമുത്തിനു ശേഷം പട്ടുസാരി, സുമംഗലീഭവ, മൗനരാഗം തുടങ്ങി നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തുവരികയാണ് താരം.