രുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയ നിലപാടുകള്‍കൊണ്ടും വ്യത്യസ്തയാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രത്തോടൊപ്പം അമേയ കുറിച്ച വാക്കുകളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചിറകുകള്‍ക്ക് ഭാരം കൂടുന്നതിനുമുന്നേ ഉയരത്തില്‍ പറക്കണം എന്നാണ് തന്റെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് അമേയ കുറിച്ചത്. ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ നിരവധി ആളുകളുടെ അനുഭവത്തില്‍നിന്നും ഉള്‍ക്കൊണ്ട പാഠമാണ് അമേയ പങ്കുവച്ചത്. മനോഹരമായ വാക്കുകള്‍ പെട്ടന്നുതന്നെ ആരാധകശ്രദ്ധ നേടി.

'ചിറകുകള്‍ക്ക് ഭാരം കൂടുന്നതിനു മുന്നേ എത്ര ഉയരത്തില്‍ എനിക്ക് പറക്കാന്‍ ആകുന്നോ, അത്രേം ഉയരത്തില്‍ ഞാന്‍ പറക്കും. അങ്ങനെ പറന്നു പറന്നു ഞാന്‍ എന്റെ ലക്ഷ്യത്തില്‍ എത്തും..' എന്നാണ് അമേയ കുറിച്ചിരിക്കുന്നത്. എത്രയുംവേഗം ലക്ഷ്യത്തിലേക്ക് എത്തട്ടെയെന്നാണ് ചിത്രത്തിന് താഴേ വന്നിരിക്കുന്ന കമന്‍റുകള്‍. ചിറകെവിടെയാണ്, കാണാനില്ലല്ലോ എന്ന ചോദ്യത്തിന്, ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് അമേയ പറയുന്നത്.