നടി സരയുവിന് സാരിയോടുള്ള പ്രിയം ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. സെറ്റ് സാരി, സെറ്റ് മുണ്ട് തുടങ്ങിയവയോടൊക്കെ തനിക്കുള്ള താല്‍പര്യം സോഷ്യല്‍ മീഡിയയിലൂടെ സരയു പലപ്പോഴും പങ്കുവെക്കാറുള്ളതാണ്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച സാരി ചിത്രങ്ങളിലൂടെ ആ ഇഷ്ടം വ്യക്തമാവുകയും ചെയ്യും.  കഴിഞ്ഞ ദിവസം കർക്കിടക മാസത്തില്‍ തനിക്ക് ലഭിച്ച സമ്മാനങ്ങളുടെ ചിത്രങ്ങള്‍ സരയു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു, ഒപ്പം സെറ്റ് സാരിയിലുള്ള ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും. 'കർക്കിടക സന്ധ്യയിൽ തേടി വന്ന സമ്മാനങ്ങൾ നോക്കൂ.... ഏറെ നന്ദി.. എന്‍റെ ഇഷ്ടങ്ങളോട് ചേർന്ന് നിൽക്കുന്നവയാണ് എല്ലാം....' എന്ന കുറിപ്പും താരം ചിത്രത്തിന് നൽകിയിട്ടുണ്ട്.

വളരെ കുറച്ച് സിനിമകള്‍ കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സരയു മോഹന്‍. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പ്രിയ നായികയാണിപ്പോള്‍ സരയു. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സരയു സിനിമയില്‍ തന്‍റേതായ ഇടം കണ്ടെത്തിയത്. തുടര്‍ന്ന് സഹനടി വേഷങ്ങളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്യാന്‍ സരയുവിനായി. 

അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയ സരയു എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലായിരുന്നു സരയു അവസാനമായി വേഷമിട്ടത്. മിനിസ്‌ക്രീനിലും സജീവമായ സരയു എന്‍റെ മാതാവ് എന്ന മലയാളം പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.