Asianet News MalayalamAsianet News Malayalam

Santhwanam : കലുഷിതമായ കഥാ മുഹൂര്‍ത്തങ്ങളിലൂടെ സാന്ത്വനം; പരമ്പര റിവ്യു

പുതിയ പ്രൊമോ നല്‍കുന്ന സസ്പെന്‍സിന്‍റെ കാരണം കാത്ത് ആരാധകര്‍

Malayalam asianet s top rated serial santhwanam latest episode review aparna issues
Author
Thiruvananthapuram, First Published Apr 30, 2022, 11:37 PM IST

കേരളക്കരയിലെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം (Santhwanam serial). ഒരു കൂട്ടുകുടുംബത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്കെത്തിക്കാന്‍ പരമ്പരയ്ക്ക് സാധിക്കുന്നുണ്ട്. 'ശിവാഞ്ജലി'യുടെ (Sivanjali) പ്രണയവും കുടുംബ ബന്ധങ്ങളിലെ മനോഹാരിതയും പറഞ്ഞ് മുന്നോട്ട് പോയിരുന്ന പരമ്പര കുറച്ചേറെ എപ്പിസോഡുകളായി സംഘര്‍ഷഭരിതമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ അതിനിടയിലും ശിവാഞ്ജലിയുടെ പ്രണയം നമുക്ക് കാണാന്‍ കഴിയും. ഒന്ന് തീരുമ്പോള്‍ മറ്റൊന്ന് എന്ന തരത്തിലാണ് പരമ്പരയിലേക്ക് പ്രശ്നങ്ങളെത്തുന്നത്. പലിശക്കാരന്‍ ജഗന്നാഥനിലൂടെ തുടങ്ങിയ പ്രശ്‌നം പിന്നീട് തമ്പിയും രാജലക്ഷ്മിയും രാജേശ്വരിയും ജയന്തിയും ഉണ്ടാക്കിയ വിവിധ പ്രശ്നങ്ങളിലേക്ക് കടക്കുകയായിരുന്നു.

സാന്ത്വനം വീട്ടിലെ ഏട്ടാനിയന്മാരും അവരുടെ ജീവിതപങ്കാളികളുമാണ് പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങള്‍. ജീവിതപങ്കാളികളുമായി നല്ല ബന്ധത്തിലാണ് ഏട്ടാനിയന്മാരെങ്കിലും, അവരുടെ വീട്ടുകാര്‍ ആകെ പ്രശ്‌നമാക്കുകയാണ് ചെയ്യുന്നത്. ശിവന്‍-അഞ്ജലി ബന്ധത്തില്‍, അഞ്ജലിയുടെ അപ്പച്ചിയായ ജയന്തിയായിരുന്നു പ്രശ്‌നം. 'തമ്പി'യുടെ ചേച്ചി രാജേശ്വരിയാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. തന്റെ ഗുണ്ടകളെ അയച്ച് തന്റെ ബിസിനസ് സ്ഥാപനത്തിലേക്ക് വിളിപ്പിച്ച് 'അപര്‍ണ്ണ'യുടെ ഭര്‍ത്താവായ 'ഹരി'യെ 'രാജേശ്വരി' ഭീഷണിപ്പെടുത്തുകയായിരുന്നു. 'തമ്പി'യുടെ സ്വത്ത് ആഗ്രഹിച്ചല്ലേ 'ഹരി' 'അപര്‍ണ്ണ'യെ വിവാഹം കഴിച്ചത്, എന്നാല്‍ അതങ്ങ് മറന്നേക്കണം എന്ന തരത്തിലായുന്നു 'രാജേശ്വരി'യുടെ സംസാരം. താന്‍ ഇത്രനാള്‍ ഒന്നും ആഗ്രഹിച്ചിരുന്നില്ലെന്നും, എന്നാല്‍ ഇനി അങ്ങനെയായിരിക്കില്ലെന്നുമാണ് 'ഹരി' പറയുന്നത്. എന്നാല്‍ അപ്പോഴായിരുന്നു അപ്രതീക്ഷിതമായി 'രാജേശ്വരി'യുടെ ഗുണ്ടകളില്‍ ഒരാള്‍ 'ഹരി'യെ മര്‍ദ്ദിച്ചത്.

ഏട്ടനെ ഗുണ്ടകള്‍ കൈകാര്യം ചെയ്യാനായി അനിയന്‍ ശിവന്‍ പോകുകയും, ചെറിയ തരത്തിലുള്ള സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്യുന്നു. അതിന് താന്‍ പകരം വീട്ടുമെന്ന് രാജേശ്വരി പറയുന്നത് അപര്‍ണ്ണ അറിയുന്നുണ്ട്. അത് ചോദ്യം ചെയ്യാനാണ് അപര്‍ണ്ണ തന്റെ വീട്ടിലേക്ക് പോകുന്നത്. വീട്ടിലെത്തുമ്പോള്‍ കാണുന്നതാകട്ടെ, അപര്‍ണ്ണയുടെ അച്ഛനും അമ്മയും അപ്പച്ചിയും സംസാരിച്ച് നില്‍ക്കുന്നതാണ്. അങ്ങോട്ട് ചെല്ലുന്ന അപര്‍ണ്ണ അപ്പച്ചിയോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. വീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് തന്റെ വീട്ടുകാര്‍ പരിഹരിച്ചോളുമെന്നും അപ്പച്ചി ഇടപെടേണ്ടെന്നും അപര്‍ണ്ണ തറപ്പിച്ചാണ് പറയുന്നത്. തമ്പി അപര്‍ണ്ണയുടെ പക്ഷം പറയുന്നതോടെ രാജേശ്വരി തമ്പിയോടും പ്രശ്‌നമുണ്ടാക്കുകയാണ്. ആകെ മനസ്സ് മടുത്ത് അപര്‍ണ്ണ വീട് വിട്ടിറങ്ങുകയാണ്. രാജേശ്വരിയെ വീട്ടില്‍ താമസിപ്പിക്കാനാണ് വീട്ടുകാരുടെ തീരുമാനമെങ്കില്‍ താന്‍ ഇനി ഇങ്ങോട്ടില്ലെന്നും, തന്റെ കുഞ്ഞിന്റെ മുഖംപോലും കാണിക്കില്ല എന്ന് പറഞ്ഞാണ് അപര്‍ണ്ണ പോകുന്നത്. 

അപര്‍ണ്ണ സാന്ത്വനം വീട്ടില്‍നിന്നും, അവളുടെ വീട്ടിലേക്ക് പോയെന്നറിയുന്ന ബാലനും ഹരിയും അപര്‍ണ്ണയുടെ വീട്ടിലേക്ക് എത്തുന്ന അതേ സമയത്താണ് അപര്‍ണ്ണ വീട്ടില്‍ നിന്നും ഇറങ്ങി വരുന്നത്. എന്നാല്‍ ഹരിയെ കണ്ടപ്പോള്‍ അടുക്കലേക്ക് ഓടിയടുക്കുന്ന അപര്‍ണ്ണ ബോധക്ഷയത്തോടെ വീഴുന്നതാണ് ഏറ്റവും പുതിയ പ്രൊമോ വീഡിയോയില്‍ കാണുന്നത്. സാന്ത്വനം ആരാധകര്‍ക്ക് ഏറെ വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് വരും എപ്പിസോഡുകളിലുള്ളത്. എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്ന് കാണാം.

പുതിയ പ്രൊമോ കാണാം

 

തമിഴ് പരമ്പരയായ 'പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ' റീമേക്കാണ് 'സാന്ത്വനം'. ഒരു പലചരക്ക് കട നടത്തുന്ന ജേഷ്ഠാനുജന്മാരുടെ കഥയാണ് പരമ്പര പറയുന്നത്. വീട്ടിലെ ജേഷ്ഠനായ 'ബാലചന്ദ്രനും' ഭാര്യയും കുട്ടികള്‍ വേണ്ടെന്നുവച്ച് അനിയന്മാരെ സ്വന്തം മക്കളായി വളര്‍ത്തുകയാണ്. അവരുടെ മനോഹരമായ ബന്ധങ്ങളും, കൂട്ടുകുടുംബത്തിലെ സന്തോഷമായ നിമിഷങ്ങളും മറ്റും പരമ്പര മനോഹരമായാണ് സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത്. വ്യത്യസ്തമായ പേരുകളില്‍ ഇന്ത്യയിലെ ഏഴോളം ഭാഷകളില്‍ പരമ്പര മികച്ച റേറ്റിംഗോടെ മുന്നോട്ട് പോകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios