ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ക്കുള്ള ഭക്ഷ്യ കിറ്റുമായി ലക്ഷ്‍മി നക്ഷത്ര

സിനിമാ-സീരിയല്‍ താരങ്ങളെപ്പോലെ വലിയൊരുകൂട്ടം ആരാധകരെ നേടിയ മിനിസ്ക്രീന്‍ അവതാരകരുമുണ്ട്. അവര്‍ക്കായി ഫാന്‍ പേജുകളും ഫാന്‍ ഫൈറ്റ് പോലും സോഷ്യല്‍മീഡിയയിലെ കാഴ്ചയാണ്. അത്തരത്തില്‍ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മനോഹരമായ ഭാഷാശൈലിയും നിറപുഞ്ചിരിയുമായി ഫ്ളോറിലെത്താറുള്ള ലക്ഷ്മി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണെന്നാണ് താരത്തിന്‍റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ക്കുള്ള ഭക്ഷ്യ കിറ്റുമായാണ് ലക്ഷ്മി എത്തിയത്. 'ആദ്യമേ പറയട്ടെ, ഈ വീഡിയോ ലൈക്ക് കിട്ടാനോ, സബ്‌സ്‌ക്രൈബേഴ്‌സിനെ കിട്ടാനോ വേണ്ടിയല്ല, എന്‍റെ മനസ്സിന്‍റെ സംതൃപ്തിക്ക് വേണ്ടി മാത്രമാണ്'. എന്നു പറഞ്ഞാണ് ലക്ഷ്മി ഏറ്റവും പുതിയ വീഡിയോ തുടങ്ങുന്നത്. കൂടാതെ താന്‍ ചെയ്യുന്ന വീഡിയോ കണ്ട് ഒരാള്‍ക്കെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തോന്നട്ടെയെന്നും ലക്ഷ്മി പറയുന്നുണ്ട്. കിറ്റ് നിറയ്ക്കുന്ന ലക്ഷ്മിക്കൊപ്പം തൃശൂരിലെ സന്നദ്ധപ്രവര്‍ത്തകനായ പെപ്പന്‍ ചേട്ടനും കുടുംബവുമുണ്ട്.

ഒരു കുടുംബത്തിലേക്കാവശ്യമായ അത്യാവശ്യ വസ്തുക്കളെല്ലാംതന്നെ പാക്ക് ചെയ്യുന്ന ലക്ഷ്മിക്ക് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ് കിട്ടുന്നത്. തീപ്പെട്ടി മുതല്‍ സ്ത്രീകളുടെ പാഡുവരെ വീഡിയോയില്‍ കാണാം. നിരവധി ആളുകളാണ് ലക്ഷ്മിക്ക് ആശംസകളുമായെത്തിയിരിക്കുന്നത്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona