ക്യാംപസ് ചിത്രങ്ങളിലൂടെ മലയാളത്തിന്റെ എക്കാലത്തേയും പ്രണയനായകനായി മാറിയ കുഞ്ചാക്കോ ബോബന്‍  ഇപ്പോഴും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരം അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ അഞ്ചാംപാതിര 2020ലെ സുപ്പര്‍ഹിറ്റായിരുന്നു. വര്‍ക്കൗട്ടും ബോഡീബില്‍ഡര്‍ പരിവേഷവുമൊക്കെയായി താരം ചോക്ലേറ്റ് ലുക്ക് വിടുന്നതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോളിതാ തന്റെ ചോക്ലേറ്റ്കാലത്തെ അടിപൊളിയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചന്‍. എക്കാലത്തേയും യുവാക്കളുടെ ഹരമായ ആര്‍.എക്‌സ് ബൈക്കില്‍ കൂട്ടുകാരനൊത്തുള്ള ചിത്രമാണ് ചാക്കോച്ചന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. 'ബാക്ക്ബഞ്ചര്‍ ലൈഫ്.. ക്ലാസും കട്ട്‌ചെയ്ത്, കൂട്ടുകാരന്റെ യമഹ ബൈക്കും കടംവാങ്ങി മഴയത്തുള്ള കറക്കം. തൊണ്ണൂറുകളിലെ ത്രില്ല്' എന്നാണ് ചാക്കോച്ചന്‍ ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി വരുന്നത്, ഒരു റഫ് ലുക്കുണ്ടെങ്കിലും, ആ ചോക്ലേറ്റ് നായകനെയാണ് ഓര്‍മ്മ വരുന്നതെന്നാണ് മിക്കവരും പറയുന്നത്. ദുല്‍ഖര്‍, രമേഷ് പിഷാരടി, വിനയ്‌ ഫോര്‍ട്ട് തുടങ്ങി താരങ്ങളും ചാക്കോച്ചന്റെ ചിത്രത്തിന് കമന്റുകളുമായെത്തുന്നുണ്ട്. ശരിക്കും ചോക്ലേറ്റ്‌ബോയി തന്നെയായിരുന്നുവെന്നാണ് ദുല്‍ഖര്‍ പറയുന്നത്.