മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിന് ആശംസകളുമായി മോഹന്‍ലാല്‍ നേരത്തേ രംഗത്തെത്തിയിരുന്നു. നിറംമങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകള്‍ വെള്ളിത്തിരയിലെത്തുമ്പോള്‍ ആശംസകള്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രം 'ബിഗ് ബ്രദര്‍' മാമാങ്കത്തിന് ആശംസകളുമായി പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നു.

'ബിഗ് ബ്രദര്‍' സംവിധായകന്‍ സിദ്ദിഖിനൊപ്പം നില്‍ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററില്‍. 'മാമാങ്ക മഹോത്സവത്തിന് ആശംസകളോടെ ബിഗ് ബ്രദര്‍' എന്ന് എഴുതിയിട്ടുമുണ്ട്.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ തീയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. 50 കോടി മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. എം പത്മകുമാര്‍ സംവിധാനം. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് രാജാ മുഹമ്മദ്. സംഘട്ടനം ശ്യാം കൗശല്‍. മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്‌ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, സിദ്ദിഖ്, ഇനിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.