വിജയ് ആരാധകനായ ഉണ്ണിക്കണ്ണൻ ജന നായകൻ ലൊക്കേഷനിൽ വിജയ്‍യെ കണ്ടുമുട്ടിയതായി അവകാശപ്പെട്ടിരുന്നു. 

കൊച്ചി: വിജയ് ആരാധകന്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ മലയാളി ഉണ്ണിക്കണ്ണന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പുതിയ ചിത്രം ജന നായകന്‍റെ ലൊക്കേഷനിലെത്തി വിജയ്‍യെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചുവെന്ന് ഉണ്ണിക്കണ്ണന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 

വിജയ്‍യെ നേരില്‍ കാണണമെന്ന ആഗ്രഹവുമായി കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നടക്കുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടിട്ടുള്ളത്. ജനുവരി 1 ന് രാവിലെ കാല്‍നടയായി ആരംഭിച്ച യാത്രയാണ് ചെന്നൈയിലെ ജന നായകന്‍റെ ലൊക്കേഷനില്‍ എത്തിയത്. ഫെബ്രുവരിയില്‍ ആയിരുന്നു ഉണ്ണികണ്ണന്‍ വിജയ്‍യെ കണ്ടു എന്ന് പറഞ്ഞത്. 

എന്നാല്‍ പിന്നീട് ഇതിന്‍റെ ഫോട്ടോയോ മറ്റോ പോസ്റ്റ് ചെയ്യാന്‍ പറ്റാതിരുന്നതോടെ ഉണ്ണികണ്ണന്‍ പറഞ്ഞത് കളവാണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചാരണം വന്നു. ഇതിന് പിന്നാലെ ഉണ്ണികണ്ണനെതിരെ വ്യാപകമായ സൈബര്‍ ആക്രമണവും നടന്നു. എന്നാല്‍ ഉണ്ണികണ്ണന്‍ വിജയ്‍യെ കണ്ടു എന്നതിന് ഒരു സാക്ഷിയെ ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

തനിക്കെതിരെ നടക്കുന്ന പ്രചാരണത്തില്‍ സങ്കടം പറഞ്ഞ് ഉണ്ണിക്കണ്ണന്‍ ഇട്ട വീഡിയോയില്‍ നടി മമിത ബൈജുവാണ് താന്‍ ഉണ്ണികണ്ണന്‍ വിജയ്‍യെ കണ്ടതിന് സാക്ഷിയാണ് എന്ന് പറഞ്ഞത്. 'യൂര്‍ ഓണര്‍ ഐ ആം വിറ്റ്നസ്' എന്നാണ് മമിത കമന്‍റ് ചെയ്തത്. ഇതോടെ ഈ കമന്‍റ് വന്‍ വാര്‍ത്തയായി. 

ഇപ്പോള്‍ മമിതയ്ക്ക് നന്ദി പറഞ്ഞ് പോസ്റ്റ് ചെയ്തിരിക്കുകയാണ് ഉണ്ണികണ്ണന്‍. തന്നെ അടുത്ത് അറിയുന്നവര്‍ പോലും താന്‍ വിജയ് അണ്ണനെ കണ്ടത് കളവാണ് എന്നാണ് പറഞ്ഞത്. അതിനിടയിലാണ് തിരക്കുകള്‍ ഉണ്ടായിട്ടും മമിത എന്‍റെ അനിയത്തിക്കുട്ടി സത്യം പറഞ്ഞത്. പലരും എന്നെയും കുടുംബത്തെയും ചീത്തവിളിച്ചു. ഞാന്‍ മനസ് തകര്‍ന്ന് നില്‍ക്കുകയായിരുന്നു, നന്ദി അനിയത്തിക്കുട്ടീ, ഉണ്ണികണ്ണന്‍ വീഡിയോയില്‍ പറഞ്ഞു.