മമ്മൂട്ടി സമീപകാലത്ത് എടുത്ത മറ്റ് ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു

ഡ്രൈവിംഗ് പോലെ മമ്മൂട്ടിക്ക് ഹരമുള്ള മേഖലകളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. മമ്മൂട്ടി പകര്‍ത്തിയ സിനിമയിലെ പല സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ പല കാലങ്ങളിലായി ശ്രദ്ധ നേടിയിട്ടുണ്ട്. ഒപ്പം മമ്മൂട്ടി ക്ലിക്ക് ചെയ്യുന്നതിന്‍റെ പല ചിത്രങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി എടുത്ത ഏറ്റവും പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സൗബിന്‍ ഷാഹിറിന്‍റെ മകന്‍ ഓര്‍ഹാന്‍റെ ചിത്രമാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്.

പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വിന്റേജ് കാറിന് മുന്നിലൂടെ ഓടിവരുന്ന കുട്ടിയുടെ ചിത്രമാണിത്. ഛായാ​ഗ്രാഹകരുടെ ഭാഷയില്‍ ലൈഫ് ഉള്ള ഒരു ചിത്രം. സൗബിന്‍ തന്നെയാണ് ഇന്‍സ്റ്റ​ഗ്രാമിലൂടെ ഈ ചിത്രം പങ്കുവച്ചത്. ഓര്‍ഹാന്‍ ഭാ​ഗ്യമുള്ള കുട്ടിയാണെന്നും മമ്മൂക്ക എടുത്ത ചിത്രമാണിതെന്നും ചിത്രത്തിനൊപ്പം സൗബിന്‍ കുറിച്ചിട്ടുണ്ട്. അതേസമയം ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമന്‍റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

View post on Instagram

കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ഭീഷ്മ പര്‍വ്വത്തില്‍ നായകനായ മമ്മൂട്ടിക്കൊപ്പം ഏറെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചത്. മമ്മൂട്ടി മൈക്കിളപ്പനായി എത്തിയ ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് അജാസ് അലി എന്നായിരുന്നു. ബി​ഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒരുമിച്ച ചിത്രം 2022 ലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നുമാണ്.

രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയത്. നന്‍പകല്‍ നേരത്ത് മയക്കവും ക്രിസ്റ്റഫറും. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് അദ്ദേഹം അഭിനയിച്ചവയില്‍ പുറത്തെത്താനുള്ള ചിത്രങ്ങള്‍. എം‍ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള ആന്തോളജിയിലെ ഒരു ചിത്രത്തിലും മമ്മൂട്ടി ഉണ്ട്. രഞ്ജിത്ത് ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം.

ALSO READ : ട്വിറ്ററില്‍ 'മൈ കേരള സ്റ്റോറി' ചര്‍ച്ചയുമായി റസൂല്‍ പൂക്കുട്ടി; പ്രതികരിച്ച് ടി എം കൃഷ്ണ അടക്കമുള്ളവര്‍