ഹനീഫയുടെ രണ്ട് ഇരട്ടക്കുട്ടികളെ ചേർത്തണച്ചും വീടെല്ലാം ചുറ്റി നടന്ന് കണ്ടും കുശലം പറഞ്ഞും ഏതാനും സമയം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി തിരികെ പോന്നത്.
മലയാള സിനിമയിൽ ഒരിക്കലും പകരം വയ്ക്കാനില്ലാത്ത നടനാണ് കൊച്ചിൻ ഹനീഫ. സ്വന്തം വീടെന്ന കാലങ്ങളായുന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ആ സ്വപ്നം ഒടുവിൽ ജൂലൈ 26ന് യാഥാർത്ഥ്യമാകുകയും ചെയ്തു. 16 വർഷത്തെ വാടക വീട്ടിലെ താമസം അവസാനിപ്പിച്ച് നടന്റെ കുടുംബം സ്വന്തം വീട്ടിലേക്ക് താമസം മാറി. ഇപ്പോഴിതാ പ്രിയ സുഹൃത്തിന്റെ സ്വപ്നക്കൂട് കാണാനായി മമ്മൂട്ടി എത്തിയിരിക്കുകയാണ്.

ഭാര്യ സുൽഫത്തും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഹനീഫയുടെ രണ്ട് ഇരട്ടക്കുട്ടികളെ ചേർത്തണച്ചും വീടെല്ലാം ചുറ്റി നടന്ന് കണ്ടും കുശലം പറഞ്ഞും ഏതാനും സമയം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി തിരികെ പോന്നത്. വെണ്ണലയിലെ അംബേദ്കർ റോഡിലാണ് ‘കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ’ സ്ഥിതി ചെയ്യുന്നത്. ഹനീഫയുടെ മരണ ശേഷം മമ്മൂട്ടി, ദിലീപ് അടക്കമുള്ളവര്‍ സഹായിക്കാന്‍ ഉണ്ടായിരുന്നുവെങ്കിലും സ്വന്തം വീട് തങ്ങളുടെ അധ്വാനം കൊണ്ട് വേണമെന്നത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു. അത് യാഥാര്‍ത്ഥ്യമാകാന്‍ 16 വര്‍ഷം എടുത്തുവെന്ന് മാത്രം.

കൊച്ചിൻ ഹനീഫയുമായി വളരെ അടുത്ത ബന്ധമായിരുന്ന ആളായിരുന്നു മമ്മൂട്ടി. സിനിമയിലെ ഏറ്റവും വലിയ സൗഹൃദം. “ഇവർ എന്തുകൊണ്ട് സഹോദരൻമാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്രമാത്രം സ്നേഹം മമ്മൂക്കക്ക് ഹനീഫിക്കയോടുണ്ട്. അതിന്റെ ഇരട്ടി ഫനീഫിക്ക പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോൾ ഒരു കൊച്ചുകുഞ്ഞിനെ പോലെ മമ്മൂക്ക പൊട്ടിക്കരഞ്ഞത്. അവസാനം വരെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഹനീഫ ഇക്ക ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക അന്ന് കരഞ്ഞത്. എന്നോടെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്ന്”, എന്നാണ് ഒരിക്കല്‍ മുകേഷ് ഇവരുടെ സൗഹൃദത്തെ കുറിച്ച് പറഞ്ഞത്.



