മലയാളം മിനിസ്‌ക്രീനിലെ സജീവ താരമാണ് ജിഷിന്‍ മോഹന്‍. ജിഷിന്‍റെ ഭാര്യ വരദയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളുമാണ് ജിഷിന്‍. രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെയുള്ള ജിഷിന്‍റെ പോസ്റ്റുകളോട് കൗതുകത്തോടെയാണ് ആരാധകര്‍ പ്രതികരിക്കാറ്. ഇപ്പോഴിതാ വീട്ടിലെ 'കുട്ടി ജോക്കറി'ന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ജിഷിന്‍.

മകന്‍ ജിയാന്‍റെ പുത്തന്‍ മേക്കപ്പാണ് ജിഷിന്‍ പങ്കുവച്ചത്. വരദയുടെ പൗഡറും ലിപ്സ്റ്റിക്കും ഉപയോഗിച്ച് ജോക്കറായി മാറിയിരിക്കുകയാണ് ജിയാന്‍. 'ജോക്കര്‍ ഫാന്‍ ആയ മോനും അവന്‍റെ താളത്തിനൊത്തു തുള്ളുന്ന അപ്പനും. മമ്മിയുടെ ലിപ്സ്റ്റിക്കും കുറച്ചു പൗഡറും ചേര്‍ത്ത് മുഖത്തു ചാലിച്ചപ്പോള്‍ ജോക്കര്‍ റെഡി. അവനറിയുന്നുണ്ടോ ഞാന്‍ ഇതെടുത്തു ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും ഇടുമെന്ന്. പാവം. ഇനി എന്തൊക്കെ കാണേണ്ടി വരും ദൈവമേ'. എന്നുപറഞ്ഞാണ് ജിഷിന്‍ ചിത്രം പങ്കുവച്ചത്.

കുട്ടിജോക്കര്‍ 'പൊളിച്ചെ'ന്നാണ് ചിത്രത്തിന് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്. വരദ കാണേണ്ട, രണ്ടാളെയും ശരിയാക്കുമെന്നും ചിലര്‍ പറയുന്നുണ്ട്. ജിയാന്‍റെ മേക്കപ്പിനു പിന്നില്‍ ജിഷിനാണോയെന്ന ചോദ്യത്തിന്, അതെയെന്നാണ് ജിഷിന്‍ പറയുന്നത്. ജോക്കര്‍ സിനിമയുടെ പശ്ചാത്തലസംഗീതമാണ് ജിയാന് ഏറ്റവും ഇഷ്ടമെന്നും  തന്‍റെ മൊബൈല്‍ റിങ്‌ടോണ്‍ അതാണെന്നും ജിഷിന്‍ പറഞ്ഞിരുന്നു. 

.