ലയാള സീരിയൽ താരങ്ങളായ മൃദുല വിജയ്‌യുടെയും യുവകൃഷ്ണയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പ്രണയ വിവാഹമല്ലെന്നും സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല അറിയിച്ചിരുന്നു. മൃദുല വിജയ് 2015 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ്. മാജിക്കിലും മെന്റലിസത്തിലും താല്‍പര്യമുള്ളയാളാണ് യുവ കൃഷ്‍ണ. 

തിരുവനന്തപുരം സ്വദേശിയാണ് മൃദുല. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. 
മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. വിവാഹം അടുത്ത വർഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.