മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസില്‍ ഉള്‍പ്പെടെ ഗുരു സോമസുന്ദരം അഭിനയിച്ചിട്ടുണ്ട്

മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിച്ച് പ്രേക്ഷകമനം കവര്‍ന്ന താരമാണ് ഗുരു സോമസുന്ദരം. മലയാളത്തില്‍ നിരവധി മികച്ച അവസരങ്ങളാണ് ഗുരുവിന് മിന്നല്‍ മുരളി തുറന്നുകൊടുത്തത്. മലയാളം ചിത്രങ്ങളില്‍ ഡബ്ബ് ചെയ്യാനുള്ള എളുപ്പത്തിനായി മലയാളം വായിക്കാന്‍ പഠിച്ചിരിക്കുകയാണ് ഗുരു സോമസുന്ദരം. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തില്‍ അദ്ദേഹം ഡബ്ബ് ചെയ്യുന്നത് തന്‍റെ മലയാളം ഡയലോഗുകള്‍ മലയാളത്തില്‍ തന്നെ സ്വയം വായിച്ചാണ്. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നുണ്ട്.

ബിജു മേനോനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്കി സ്റ്റാർ എന്ന സിനിമയ്ക്കു ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. ഒരു വലിയ താരനിര ഒന്നിക്കുന്ന ചിത്രം അതിന്റെ അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : 'ഇത് ഏത് കോത്താഴത്ത് നടക്കുന്ന കാര്യമാണ്'? കടുവ മാനസികരോഗികളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ഡോ. സി ജെ ജോണ്‍

ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം ഗോപീ സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്സ് സേവ്യര്‍, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്‍‍ന്‍‍മെന്‍റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്.

View post on Instagram

അതേസമയം മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസില്‍ ഉള്‍പ്പെടെ ഗുരു സോമസുന്ദരം അഭിനയിച്ചിട്ടുണ്ട്. ചട്ടമ്പി, ചേര, ചാള്‍സ് എന്‍റര്‍പ്രൈസസ്, ഹയ തുടങ്ങി നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ അദ്ദേഹത്തിന്‍റേതായി പുറത്തുവരാനിരിക്കുന്നത്.