ഞാനുമായി ഇടപഴകിയതും സംസാരിച്ചതും കളിക്കുന്നതും ചിരിക്കുന്നതും ഒക്കെയുള്ള സുബിയുടെ മുഖം. അതല്ലാതെയുള്ള സുബിയെ പോയി കാണാൻ തന്റെ മനസ്സ് അനുവദിച്ചില്ലെന്ന് നസീർ സംക്രാന്തി പറയുന്നു.
മലയാളികളുടെ ഉള്ളുലച്ച വിയോഗമായിരുന്നു സുബി സുരേഷിന്റേത്. പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്‍മയിപ്പിച്ച കലാകാരി ഇനി ഇല്ലാ എന്നത് സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തീരാനൊമ്പരമാണ് സമ്മാനിച്ചത്. സുബിയുമായി ഏറ്റവും കൂടുതൽ പരിപാടികൾ ചെയ്തിട്ടുള്ള ആളാണ് നസീർ സംക്രാന്തി. എന്നാല്‍ സുബിയെ അവസാനമായി ഒരുനോക്ക് കാണാൻ നടൻ എത്താത്തത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് സുബിയെ കാണാൻ താൻ പോകാതിരുന്നത് എന്നതിന് മറുപടി നൽകിയിരിക്കുകയാണ് നസീർ.
സുബിയുടെ ചിരിച്ച മുഖം തന്റെ മനസ്സിൽ കിടക്കയാണ്. ഞാനുമായി ഇടപഴകിയതും സംസാരിച്ചതും കളിക്കുന്നതും ചിരിക്കുന്നതും ഒക്കെയുള്ള സുബിയുടെ മുഖം. അതല്ലാതെയുള്ള സുബിയെ പോയി കാണാൻ തന്റെ മനസ്സ് അനുവദിച്ചില്ലെന്ന് നസീർ സംക്രാന്തി പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
"രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് ഷൂട്ടിംഗ് ഡേറ്റ് ആണ്. ഞാൻ എഗ്രിമെന്റ് വച്ചിട്ട് ചെയ്യുന്ന പരിപാടിയായിരുന്നു അത്. രണ്ടാമത്തെ കാര്യം അവളുടെ ചിരിച്ച മുഖം ഇങ്ങനെ എന്റെ മനസ്സിൽ കിടക്കയാണ്. ഞാനുമായി ഇടപഴകിയതും സംസാരിച്ചതും കളിക്കുന്നതും ചിരിക്കുന്നതും ഒക്കെയുള്ള സുബിയുടെ മുഖം. അതല്ലാതെയുള്ള അവളെ പോയി കാണാൻ എന്റെ മനസ്സ് അനുവദിച്ചില്ല. ആ മുഖം എനിക്ക് കാണണ്ട, എന്നും അവളുടെ ചിരിച്ച മുഖം മാത്രം മതി എന്റെ മനസ്സിൽ. വീണ നായരാണ് സുബിയുടെ മരണം എന്നെ വിളിച്ച് പറയുന്നത്. പിന്നീട് ഞാൻ പലരെയും വിളിച്ച് കാര്യങ്ങൾ തിരക്കി. നമ്മുടെ ജീവിതത്തിൽ നിന്നും ലോകത്ത് നിന്നും വിട്ടു പോകുന്നവരാണ് അവർ. എനിക്കത് കാണാൻ പറ്റില്ല. അവളുടെ മുഖം എന്നും എന്റെ മനസ്സിലുണ്ടാവും. ഞാൻ മരിക്കുന്നത് വരെയും അങ്ങനെ തന്നെ ഉണ്ടാകും അത്. ഒരു മരണം കണ്ടില്ലാ എന്ന് പറഞ്ഞിട്ട് ആരും കുറ്റം പറയേണ്ട കാര്യമില്ല. ചോദിക്കുന്നവർക്ക് പല കാരണങ്ങൾ കാണും. എനിക്ക് അത് പറ്റില്ല", എന്ന് നസീർ സംക്രാന്തി പറഞ്ഞു. ജോലിയില്ലാതെ വെറുതെ ഇരിക്കുന്നവർ ആണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
മാസ് സംഘട്ടനങ്ങളും പ്രേക്ഷക മനംതൊട്ട രംഗങ്ങളും വന്ന വഴി; 'മാളികപ്പുറം' മേക്കിംഗ് വീഡിയോ
ഫെബ്രുവരി 22ന് ആയിരുന്നു മലയാളക്കരയെ ദുഃഖത്തിലാഴ്ത്തി സുബി മൺമറഞ്ഞത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. അടുത്ത കാലത്ത് യുട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി സുരേഷ്. വലിയ ആരാധക പിന്തുണ യുട്യൂബിലും സ്വന്തമാക്കാൻ സുബി സുരേഷിന് കഴിഞ്ഞിരുന്നു.
