ഒരു നൃത്തപരിപാടിയില്‍ തനിക്കൊപ്പം നൃത്തം ചെയ്യാന്‍ വന്ന കുട്ടിയെ നവ്യ അവഗണിച്ചെന്ന പേരില്‍ ഒരു വീഡിയോയും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വലിയ വിമര്‍ശനങ്ങളും നവ്യയ്ക്ക് നേരെ വന്നു.
നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി, മലയാളികളുടെ വീട്ടിലൊരാളായി മാറിയ നടിയാണ് നവ്യ നായര്‍. കാലങ്ങളായുള്ള അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്ത നവ്യ ഇപ്പോഴും അഭിനയം തുടരുകയാണ്. കൂടെ നൃത്തവും കൊണ്ടുപോകുന്നുണ്ട്. മാതംഗി എന്ന പേരിലൊരു ഡാന്‍സ് സ്കൂളും നവ്യയ്ക്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവയായ നവ്യ പങ്കുവച്ചൊരു വീഡിയോ വൈറലായിരിക്കുകയാണ്.
അടുത്തിടെ ഒരു നൃത്തപരിപാടിയില്‍ തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ വന്ന കുട്ടിയെ നവ്യ അവഗണിച്ചെന്ന പേരില്‍ ഒരു വീഡിയോയും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വലിയ വിമര്‍ശനങ്ങളും നവ്യയ്ക്ക് നേരെ വന്നു. അഹങ്കാരി ആണെന്ന തരത്തിലെല്ലാം കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു. പലരും റിയാക്ഷന്‍ വീഡിയോകളും ചെയ്തിരുന്നു. ഇതിന് പിന്നാലെ സത്യാവസ്ഥ എന്താണെന്ന് വെളുപ്പെടുത്തി നവ്യ തന്നെ എത്തിയിരിക്കുകയാണ്. നവ്യക്ക് ഒപ്പം ഫോട്ടോ എടുക്കാനെത്തിയ കുഞ്ഞും അമ്മയും ഉണ്ട്. 'തെറ്റുകൾ നിങ്ങളെ പുതുക്കും, കുറുക്കുവഴികൾ നിങ്ങളെ തകര്‍ക്കും', എന്നും നവ്യ വീഡിയോയ്ക്ക് അവസാനം കുറിച്ചിട്ടുണ്ട്.
"നവ്യയുടെ ഭാഗത്ത് നിന്നും ഒരുതെറ്റും ഉണ്ടായിട്ടില്ല. മോള് ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ നമുക്ക് ഗ്രൂപ്പായിട്ട് എടുക്കാം എന്ന് മാത്രമാണ് പറഞ്ഞത്. മോള് ഫോട്ടോ എടുത്തതായിരുന്നു. ഇങ്ങനെ ഒരു വിവാദം നടക്കുന്നത് ഞങ്ങള്‍ അറിഞ്ഞില്ല. കസിന്‍ വിളിച്ചാണ് കാര്യം പറയുന്നത്. അപ്പോള്‍ തന്നെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ഞങ്ങള്‍ കമന്‍റും ഇട്ടിരുന്നു", എന്ന് കുട്ടിയുടെ അമ്മ പറയുന്നു.
"നവ്യ ഇത്ര ജാഡ കാണിച്ചത് എന്താ എന്ന് ചോദിച്ചാല്‍ എനിക്കത് മനസിലാവും. ഇവര് ഡാന്‍സ് കളിക്കുമ്പോള്‍ കാല് ഒടിഞ്ഞ് പോകട്ടെ എന്നൊക്കെയാണ് കമന്‍റുകള്‍ വന്നത്. അതൊക്കെ കേട്ടപ്പോള്‍ നല്ല വേദന തോന്നി. ഓണ്‍ലൈന്‍ കാരുടെ ഉള്ളിലുള്ള ദുഷിപ്പിനെ എനിക്ക് മാറ്റാന്‍ പറ്റില്ല. അവരെ സംബന്ധിച്ചിടത്തോളം വ്യൂവ്സ് മാത്രം മതി. പറയാവുന്നതിന് അപ്പുറം എന്നെ പറഞ്ഞു. കള്ളത്തരം പറഞ്ഞിട്ടല്ല നമ്മള്‍ പേരും പ്രശസ്തിയും നേടേണ്ടത്. നല്ല രീതിയില്‍ മുന്നേറാന്‍ എല്ലാ ഓണ്‍ലൈന്‍ മീഡിയക്കാര്‍ക്കും പറ്റും. ഇത്തരം കുതന്ത്രങ്ങളിലൂടെ ആളുകളെ വിഷമിപ്പിക്കുന്നത് നല്ലതല്ലെന്ന് പറയാനാണ് ആഗ്രഹം. ഒരിക്കലും ഇങ്ങനെ ഒരു വീഡിയോ ചെയ്യാന്‍ ആഗ്രഹിച്ചതല്ല. എന്നെ സ്നേഹിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്. അറിയാതെ പറ്റിപ്പോകുന്നവ ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ ഞാന്‍ തയ്യാറാണ്", എന്ന് നവ്യയും പറയുന്നു. പിന്നാലെ നിരവധി പേരാണ് നവ്യയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.



