നടി നയൻതാരയുടെ ആവശ്യങ്ങളും അണ്ണാത്തെ സിനിമയും സംബന്ധിച്ച് ഫിലിം ജേർണലിസ്റ്റ് അന്താനൻ വെളിപ്പെടുത്തുന്നു. 

ചെന്നൈ: അടുത്തിടെ ലിസ്റ്റന്‍ സ്റ്റീഫന്‍ ഒരു നടനെതിരെ ഉന്നയിച്ച ആരോപണം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. പ്രമുഖ നടന്‍ ഷൂട്ടിംഗില്‍ സഹകരിക്കാത്തതാണ് നിര്‍മ്മാതാവിനെ പ്രകോപിപ്പിച്ചത് എന്നും പിന്നാലെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സമാനമായ സംഭവം എല്ലാ ഭാഷകളിലും ഉണ്ട്. പ്രത്യേകിച്ച് തമിഴില്‍. എന്നാല്‍ തമിഴില്‍ നടിമാരാണ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് വലൈപേച്ച് ഷോ നടത്തുന്ന ഫിലിം ജേര്‍ണലിസ്റ്റ് അന്താനൻ ഒരു അഭിമുഖത്തില്‍ പറയുന്നു. 

നയന്‍താരയുമായി ബന്ധപ്പെട്ട സംഭവം വിശദീകരിക്കുകയാണ് ഇദ്ദേഹം. രജനീകാന്ത് നായകനായി ശിവ ഒരുക്കി സണ്‍ പിക്ചേര്‍സ് നിര്‍മ്മിച്ച ചിത്രമാണ് അണ്ണാത്തെ. ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഇതിനിടയില്‍ സംഭവിച്ച കാര്യമാണ് അന്താനൻ തന്‍റെ യൂട്യൂബ് ചാനലില്‍ പറയുന്നത്. 

ചിത്രത്തിന്‍റെ ഷൂട്ടിനിടെ രജനികാന്തിന് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടു. ഇതോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവച്ചു. ഈ ഷെഡ്യൂള്‍ ബ്രേക്കില്‍ നയന്‍താര കേരളത്തിലേക്ക് പോയി. കുറച്ചുനാള്‍ കഴിഞ്ഞ് രജനിക്ക് ഷൂട്ട് ചെയ്യാം എന്ന അവസ്ഥ ആയപ്പോള്‍ നയന്‍താരയെ നിര്‍മ്മാതാക്കള്‍ വിളിച്ചു. എന്നാല്‍ തിരിച്ചുവരാന്‍ പ്രൈവറ്റ് ജെറ്റ് വേണം എന്നാണ് നയന്‍താര പറഞ്ഞത്. 

എന്നാല്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് ചിത്രത്തിന് ഒരു ബജറ്റ് നിര്‍ണ്ണയിച്ചിരുന്നു. അതില്‍ കൂടുതല്‍ അവര്‍ സമ്മതിക്കില്ല. അതിനാല്‍ തന്നെ ബിസിനസ് ക്ലാസ് എടുത്ത് തരാം എന്നായി അവര്‍. എന്നാല്‍ നയന്‍താര സമ്മതിച്ചില്ല. ഇത് പ്രതിസന്ധിയായി വന്നപ്പോള്‍ സംവിധായകന്‍ ശിവയാണ് ഒടുവില്‍ പരിഹാരം കണ്ടത്. ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകരുടെയും മറ്റും ചിലവുകള്‍ കുറച്ച് അതില്‍ നിന്നും പണം പിടിച്ച് നയന്‍സിന് പ്രൈവറ്റ് ജെറ്റ് എടുത്ത് നല്‍കുകയാണ് ചെയ്തുവെന്നാണ് ഞാന്‍ അറിഞ്ഞത് എന്ന് അന്താനൻ പറയുന്നു. 

ഇത് അറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ട് പോയെന്നും. ഇങ്ങനെയൊരു നടിയുണ്ടോ, അവര്‍ ജനിച്ചത് തന്നെ വിമാനത്തിലാണോ എന്ന് അന്താനൻ തന്‍റെ വീഡിയോയില്‍ ചോദിക്കുന്നു.