നയൻതാര-ധനുഷ് തർക്കം കോടതിയിലെത്തിയതിനിടെ വിഘ്നേഷ് ശിവൻ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണമാണ്. 

ചെന്നൈ: തമിഴ് സിനിമയിലെ പ്രധാന താരങ്ങളായ നയൻതാരയും ധനുഷും തമ്മിലുള്ള തര്‍ക്കം കോടതിയില്‍ എത്തി ശക്തമായി മുന്നോട്ട് പോകുന്ന സമയത്ത്. നയന്‍താരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ തന്‍റെ എക്‌സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.

ധനുഷിനെ പരിഹസിക്കുന്ന ഒരു റീൽ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിഘ്നേഷ് ശിവന്‍ വിവാദത്തിന്‍റെ ആദ്യ നാളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് ദിവസങ്ങൾക്ക് ശേഷമാണ് ഡിസംബർ ആദ്യ ദിനത്തിലെ അപ്രതീക്ഷിത സംഭവവികാസം. ധനുഷ് ആരാധകരുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് വിഘ്നേഷ് എക്സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്നാണ് വിവരം. 

അതേ സമയം അടുത്തിടെ ഗലാട്ടപ്ലസ് പാന്‍ ഇന്ത്യ ഡയറക്ടേര്‍സ് റൗണ്ട് ടേബിളില്‍ വിഘ്നേഷ് ശിവന്‍ പങ്കെടുത്തത് വലിയ ട്രോളായി മാറിയിരുന്നു. ഇദ്ദേഹം എന്ത് പാന്‍ ഇന്ത്യ നേട്ടമാണ് ഉണ്ടാക്കിയത് എന്ന ചോദ്യമാണ് എക്സിലും മറ്റും ഉയരുന്നത്. കഴിഞ്ഞ വര്‍ഷവും ഇദ്ദേഹത്തെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ കണ്ടു. ഇദ്ദേഹം കഴിഞ്ഞ കാലത്ത് എടുത്ത പ്രധാന ചിത്രം ഏതാണ് എന്നും ചോദ്യം വന്നിരുന്നു. 

ഇത്തരം ട്രോളുകളാണ് വിഘ്നേഷ് എക്സ് ഉപേക്ഷിക്കാനുള്ള കാരണം എന്നാണ് കോളിവുഡിലെ ചില വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സമീപകാല വിവാദങ്ങളുടെ പേരിലാണ് വിഘ്നേഷ് ട്രോള്‍ ചെയ്യപ്പെടുന്നത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതേ സമയം അജിത്ത് ചിത്രം എന്തുകൊണ്ട് നഷ്ടപ്പെട്ടുവെന്ന് ഗലാട്ട പ്ലസിന്‍റെ പാന്‍ ഇന്ത്യ ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ വിഘ്നേഷ് തുറന്നു പറയുന്നുണ്ട്. 

ആവേശം പോലെ ഒരു കോമഡി ആക്ഷന്‍ പടമാണ് താന്‍ എഴുതിയതെന്നും, എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവിന് ആ കഥ ഇഷ്ടപ്പെടാത്തതിനാല്‍ ആ സിനിമ നടന്നില്ലെന്നുമാണ് വിഘ്നേഷ് പറഞ്ഞത്. അതേ സമയം ലൈക് എന്ന ചിത്രത്തിന്‍റെ സംവിധാനത്തിലാണ് വിഘ്നേഷ് ശിവന്‍. 

ധനുഷും നയൻതാരയും തമ്മിലുള്ള തർക്കമാണ് കോളിവുഡിൽ മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകമാകെ ചർച്ചാ വിഷയമായിരുന്നു. നയൻതാരയുടെ നെറ്റ്ഫ്ലിക്സ് വിവാഹ ഡോക്യുമെന്‍ററിയില്‍ നാനും റൗഡി താനിൽ നിന്നുള്ള 3 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഉപയോഗിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. 

നഷ്ടപരിഹാരമായി 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷ് വക്കീൽ നോട്ടീസ് അയച്ചു. ഇതോടെ നയൻതാര ശക്തമായി പ്രതികരിക്കുകയും ധനുഷിനെ വിമർശിച്ച് മൂന്ന് പേജുള്ള വിശദമായ പ്രസ്താവന ഇറക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ധനുഷ് നയന്‍താരയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്യുകയാണ് ചെയ്തത്. 

'പടം എടുക്കുന്നില്ലെങ്കില്‍, റൗണ്ട് മേശയില്‍ കൊല്ലത്തിലും കാണും': വിഘ്നേഷ് ശിവനെ ട്രോളി സോഷ്യല്‍ മീഡിയ

'ഓര്‍ത്തോ, ഇത് പലിശ സഹിതം തിരിച്ചുകിട്ടും': നയന്‍താരയുടെ വാക്കുകള്‍, ലക്ഷ്യം ധനുഷ് !