വിവാഹശേഷവും സിനിമാ സീരിയല്‍ രംഗത്ത് തുടരുമെന്നും, എന്നാല്‍ വിവാഹത്തോടെ ഇന്‍ഡസ്ട്രി വിടുമെന്ന വാര്‍ത്ത പലരും പ്രചരിപ്പിക്കുന്നുണ്ടെന്നും, അതൊന്നും സത്യമല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്.

പ്രേക്ഷകര്‍ക്ക് ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നീലക്കുയില്‍ പരമ്പര അവസാനിച്ചെങ്കിലും, ആ കഥാപാത്രങ്ങളെ മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ആദി എന്ന പത്രപ്രവര്‍ത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും, അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയില്‍ പരമ്പരയുടെ ഇതിവൃത്തം. പരമ്പരയിലെ റാണിയായെത്തിയത് തെലുങ്ക്താരം ലതാ സംഗരാജുവായിരുന്നു. ഇപ്പോഴിതാ തന്റെ മലയാളത്തിലെ ഇഷ്ടതാരം ലാലേട്ടനാണന്ന് പറയുകയാണ് ലത.

കഴിഞ്ഞ ദിവസത്തെ ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് താരം തന്റെ ഇഷ്ടതാരത്തെ വ്യക്തമാക്കിയത്. ലാലേട്ടന്‍ ഏറെ പ്രിയങ്കരനാണെന്നും, അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫി എടുക്കണമെന്നത് തന്റെ ജീവിതാഭിലാഷങ്ങളില്‍ ഒന്നാണെന്നുമാണ് ലത പറയുന്നത്. ലൈവിനിടെ ആരാണ് മലയാളത്തിലെ ഇഷ്ടതാരങ്ങള്‍ എന്നുചോദിച്ചപ്പോള്‍ ലാലേട്ടനെ കൂടാതെ, നിവിന്‍ പോളിയേയും പൃഥ്വിരാജിനേയും ഇഷ്ടമാണെന്നാണ് ലത പറഞ്ഞത്. തമിഴിലെ ഇഷ്ടതാരങ്ങള്‍ തല അജിത്തും കാര്‍ത്തിയുമാണെന്നാണ് താരം പറയുന്നത്.

ലോക്ക്ഡൗണ്‍ കാലം വല്ലാതെ മുഷിപ്പിക്കുന്നുണ്ടെന്നും, ആരേയും കാണാന്‍പോലും കഴിയാതെ വീട്ടിലിരിക്കുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബോറാണെന്നും താരം പറയുന്നുണ്ട്. ലൈവിനിടെ പലരും സൗന്ദര്യത്തിന്റെ രഹസ്യം പറയാമോ എന്നുചോദിക്കുമ്പോള്‍ ചിരിയോടെയായിരുന്നു മറുപടി. നന്നായി ഭക്ഷണം കഴിക്കും, കുറെ സിനിമകള്‍ കാണും, വെറുതെ കിടന്നുറങ്ങും, ചിലപ്പോ അതാകും സൗന്ദര്യത്തിനു കാരണമെന്നാണ് ലത പറയുന്നത്. 

View post on Instagram

കേരളത്തെപ്പറ്റിയുള്ള അനുഭവം ചോദിക്കുമ്പോഴും ലതയ്ക്ക് ഒരുപാട് പറയാനുണ്ട്. സ്‌നേഹമുള്ള ആളുകളെപ്പറ്റിയും, നീലക്കുയില്‍ സെറ്റിലെ മനോഹരമായ ഓര്‍മ്മകളെപ്പറ്റിയും ലത വാചാലയാകുന്നുണ്ട്. സ്‌നിഷയും നിതിനും ബെസ്റ്റ് കൂട്ടുകാരാണെന്നും, അവരോടുള്ള സൗഹൃദം ഇപ്പോഴും നന്നായിതന്നെ കാത്തുസൂക്ഷിക്കുന്നുണെന്നും, സെറ്റൊക്കൊ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നുമാണ് ലത പറയുന്നത്. ബിഗ്‌ബോസ് മലയാളത്തിലേക്ക് വിളിച്ചാല്‍ വരുമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായയും വരുമെന്നും, എല്ലാ ബിഗ്‌ബോസും ഇഷ്ടമാണെന്നും, പ്രത്യേകിച്ച് മലയാളം ബിഗ്‌ബോസ് വളരെ ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.