'ലാ കാസ ഡെ പാപല്‍' എന്ന് കേട്ടാല്‍ എന്താണെന്ന് ചോദിക്കുന്നവര്‍ക്കും 'മണി ഹെയ്സ്റ്റ്' എന്ന് കേട്ടാല്‍ ചോദ്യം ഉണ്ടാവില്ല. അത്രയ്ക്ക് തരംഗമുണ്ടാക്കി ഇന്ത്യയിലും ഈ സ്പാനിഷ് ക്രൈം ഡ്രാമ സിരീസ്. ലോക്ക് ഡൗണിനിടെ എത്തിയ നാലാം സീസണ്‍ ഇന്ത്യയില്‍ ആ സമയത്ത് ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ടെലിവിഷന്‍ സിരീസ് ആണ്. ജനപ്രിയ മലയാള ചിത്രത്തിലെ കഥാപാത്രങ്ങളെക്കാളും ആരാധകരുണ്ടാവും കേരളത്തില്‍ മണി ഹെയ്സ്റ്റ് കഥാപാത്രങ്ങള്‍ക്കെന്ന് പറഞ്ഞാല്‍ അതത്ര അതിശയോക്തിയും ആവില്ല.

പരമ്പരയിലെ പ്രധാന കഥാപാത്രമായ പ്രൊഫസറുടെ കാമുകിയും ഭാര്യയുമായെത്തുന്ന റാക്കേല്‍ മൂറീയോ എല്ലാവര്‍ക്കും പ്രിയപ്പെട്ട കഥാപാത്രമാണ്. ആദ്യ സീസണുകളില്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലും പിന്നീട് പ്രൊഫസര്‍ക്കൊപ്പം ചേരുകയും ചെയ്ത, റാക്കേലിനെ അവതരിപ്പിച്ച ഇറ്റ്‌സിയാര്‍ ഇറ്റൂനോ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഡ്രസ്സിംഗ് റൂമിലാണ് എന്നുപറഞ്ഞായിരുന്നു ഇറ്റ്‌സിയാര്‍ ചിത്രം പങ്കുവച്ചത്. ചിത്രത്തിലെ താരത്തിന്‍റെ വേഷം കണ്ടതോടെ ആരാധകര്‍ കമന്‍റ് ബോക്‌സ് നിറച്ചിരിക്കുകയാണ്. മലയാളമടക്കം എല്ലാ ഭാഷകളിലുമുള്ള കമന്‍റുകള്‍ അവിടെയുണ്ട്.എപ്പോഴാണ് ഇനി സ്‌ക്രീനിലേക്കെത്തുകയെന്നും, അവസാനത്തെ സീസണില്‍ എന്താണ് സംഭവിക്കുക എന്നാലോചിച്ച് തല പുകയുന്നുണ്ടെന്നുമെല്ലാമാണ് ആരാധകര്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റിലാണ് മണി ഹെയ്സ്റ്റ് ഫൈനല്‍ സീസണിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇറ്റ്‌സിയാര്‍ ഇറ്റൂനോയ്ക്ക് കൊറോണ ബാധിച്ച വാര്‍ത്ത ലോകത്തെങ്ങുമുള്ള ആരാധകരെ തെല്ലൊന്ന് പരിഭ്രമിപ്പിച്ചിരുന്നു. എന്നാല്‍ പെട്ടന്നുതന്നെ താരം സുഖം പ്രാപിച്ചിരുന്നു.