ജൂലൈ 15ന് ചിത്രം തിയറ്ററുകളിലെത്തും

അനൂപ് മേനോന്‍ (Anoop Menon) രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന പദ്‍മയുടെ രസകരമായ നിരവധി ടീസറുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിനേക്കാളൊക്കെ പ്രേക്ഷകശ്രദ്ധ നേടുന്ന മറ്റൊരു ടീസറും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ അഭിനേതാക്കളായല്ല, മറിച്ച് അനൂപ് മേനോനും സുരഭി ലക്ഷ്‍മിയുമായിത്തന്നെയാണ് ഈ ടീസറില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ സിനിമ പൊട്ടിയാല്‍ അനൂപിന് എന്ത് നഷ്ടം ഉണ്ടാവുമെന്നാണ് സുരഭിയുടെ ചോദ്യം. കിടപ്പാഴമൊഴിച്ച് ബാക്കി സിനിമയിൽ നിന്ന് ഉണ്ടാക്കിയത് എല്ലാം പോകുമെന്ന് പറയുന്ന അനൂപിനോട് കിടപ്പാടം കിട്ടും അല്ലേ എന്നാണ് സുരഭിയുടെ മറുചോദ്യം. കിടപ്പാടം പോയിട്ടുള്ള എത്ര നിർമ്മാതാക്കളാ നമുക്കുള്ളത് എന്നും. വലിയ പ്രേക്ഷകസ്വീകാര്യതയാണ് രസകരമായ ഈ ടീസറിന് ലഭിക്കുന്നത്.

അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ തന്നെ നിർമിക്കുന്ന ചിത്രത്തിൽ അദ്ദേഹമാണ് നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. സുരഭി ലക്ഷ്‍മിയാണ് നായിക. ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മഹാദേവൻ തമ്പി ഛായാഗ്രഹണവും സിയാൻ എഡിറ്റിംഗും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ ബാദുഷ, കലാസംവിധാനം ദുൻദു രഞ്ജീവ്, പ്രൊഡക്ഷൻ കൺട്രോളർ അനിൽ ജി, ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ജൂലൈ 15ന് ചിത്രം തിയറ്ററുകളിലെത്തും.

ALSO READ : നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിൻറെ തന്നെ തിരക്കഥയിൽ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറിൽ അംജിത്ത് എസ് കോയ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദർശനത്തിനെത്തിയിട്ടില്ല.