ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പാര്‍വതി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് പാര്‍വതി വിജയ്. കുടുംബവിളക്ക് സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു പാര്‍വതി അവതരിപ്പിച്ചത്. പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹിതയായത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. 

ഇപ്പോഴിതാ തന്റെയും ഭർത്താവ് അരുണിന്റെയും ഏറെ നാളുകളായുള്ള ഒരു സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് പാർവതി. വളരെ നാളത്തെ പ്രയത്നം കൊണ്ട് പാർവതിയും ഭർത്താവ് അരുണും ചേർന്ന് സ്വന്തമായി ഒരു വീ‍ട് വാങ്ങിയിരിക്കുകയാണ്. പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വിശേഷങ്ങൾ പാർവതി തന്നെയാണ് തന്റെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ആദ്യം വീട് പണിയാമെന്നാണ് കരുതിയിരുന്നതെന്നും പാർവതി പറയുന്നു.

'വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത ചെറിയൊരു വീടാണ്. രണ്ട് ബെഡ് റൂമുള്ളൊരു വീടാണ്. ഭയങ്കര സന്തോഷത്തിലാണ് ഞങ്ങള്‍. എന്താണ് പറയേണ്ടതെന്നറിയില്ല', അരുണും പാര്‍വതിയും പുതിയ വീഡിയോയിൽ പറയുന്നു. ഞങ്ങളൊരു വീട് മേടിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലയെന്നാണ് പാര്‍വതി പറഞ്ഞത്. ഗണപതി ഹോമം നടത്തിയശേഷമാണ് മറ്റ് ചടങ്ങുകളും പാല് കാച്ചലുമെല്ലാം നടത്തിയത്. അനിയത്തിയുടെ സന്തോഷത്തില്‍ പങ്കുചേരാനായി മൃദുലയും യുവയും എത്തിയിരുന്നു. അടുത്തിടെ യുവയും മൃദുലയും പുതിയ വീട്ടിലേക്ക് മാറിയിരുന്നു.

ALSO READ : ഒരുമിച്ച് സ്ക്രീനില്‍ എത്തുംമുന്‍പ്; മോഹന്‍ലാലുമായി സൗഹൃദം പുതുക്കി രജനികാന്ത്

ഗൃഹപ്രവേശന ചടങ്ങിന്റെ വിശേഷങ്ങള്‍ പാർവതി പങ്കിട്ടതോടെ ആരാധകരടക്കം ആശംസകൾ അറിയിച്ച് എത്തി. പത്മനാഭമെന്നാണ് താരദമ്പതികൾ വീടിന് പേരിട്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പാണ് പാര്‍വതിക്കും അരുണിനും കൂട്ടായി മകളെത്തിയത്. യാമിക എന്നാണ് മകളുടെ പേര്. മകളുടെ പേരിടല്‍ ചടങ്ങിന്റെയും കാത്കുത്ത് ചടങ്ങിന്റെയും ഡേ ഔട്ട് വീഡിയോയുമെല്ലാം ചാനലിലൂടെ പങ്കിട്ടിരുന്നു. മികച്ച സ്വീകാര്യതയാണ് വീഡിയോകള്‍ക്ക് ലഭിച്ചത്. അമ്മയായതിന് ശേഷമുള്ള വിശേഷങ്ങളും താരം പങ്കുവെക്കുന്നുണ്ട്.

Our House Warming Vlog | ഞങ്ങളുടെ വീട് പാലുകാച്ചൽ ചടങ്ങ് | Our Dream Come True | Parvathy | Arun