നടി പ്രിയങ്ക ചോപ്ര മുംബൈയിലെ നാല് ആഡംബര അപ്പാർട്ടുമെന്റുകൾ വിറ്റു. ഒബ്‌റോയ് സ്കൈ ഗാർഡൻസിലെ ഫ്ലാറ്റുകളാണ് വിറ്റത്, പൂർണ്ണമായും വിദേശത്തേക്ക് താമസം മാറുന്നതിന്റെ ഭാഗമായാണ് വില്പന.

മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനാസ് മുംബൈയിലെ അന്ധേരി വെസ്റ്റ് പ്രദേശത്തെ തന്‍റെ നാല് ആഡംബര അപ്പാർട്ടുമെന്റുകൾ 16.17 കോടിക്ക് വിറ്റു. ഒബ്‌റോയ് സ്കൈ ഗാർഡൻസ് പദ്ധതിയിലാണ് നാല് അപ്പാർട്ടുമെന്റുകളും സ്ഥിതി ചെയ്യുന്നത്. 

മുംബൈയിലെ അന്ധേരി വെസ്റ്റിലെ ലോഖഡ്വാലയിലെ ഒബ്റോയ് സ്കൈ ഗാർഡൻസ് എന്ന പ്രോജക്ടിൽ 18-ാം നിലയിലും 19-ാം നിലയിലുമാണ് സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ടുമെന്‍റുകളാണ് പ്രിയങ്ക വിറ്റത് എന്നാണ് പുറത്തുവരുന്ന വിവരം. 

1075 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 18-ാം നിലയിൽ സ്ഥിതി ചെയ്യുന്ന ആദ്യ അപ്പാർട്ട്മെന്റിന്റെ കരാർ മൂല്യം 3.45 കോടിയാണ്. വാങ്ങുന്നയാൾ 17.26 ലക്ഷം സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ട്. ഒരു കാർ പാർക്കിംഗ് സൗകര്യവും ഈ ഫ്ലാറ്റിന്‍റെ രേഖകൾ കാണിക്കുന്നു.

18-ാം നിലയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ അപ്പാർട്ട്മെന്റിന്റെ കരാർ മൂല്യം 2.85 കോടിയാണ്. അപ്പാർട്ട്മെന്റിന്റെ ബിൽറ്റ്-അപ്പ് ഏരിയ 885 ചതുരശ്ര അടിയാണ്, വാങ്ങുന്നയാൾ അടച്ച സ്റ്റാമ്പ് ഡ്യൂട്ടി 14.25 ലക്ഷമാണ്. അപ്പാർട്ട്മെന്‍റിനും ഒരു കാർ പാർക്കിംഗ് സ്ഥലമുണ്ടെന്ന് രേഖകൾ കാണിക്കുന്നു.

അടുത്ത രണ്ട് ഫ്ലാറ്റുകള്‍ക്ക് യഥാക്രമം 3.52 കോടി, 6.35 കോടി എന്നിങ്ങനെയാണ് വില വന്നത്. മാര്‍ച്ച് 3നാണ് ഫ്ലാറ്റുകളുടെ കൈമാറ്റം നടന്നത് എന്നാണ് വിവരം. 

2024-ൽ പ്രിയങ്ക ചോപ്രയുടെ കുടുംബം പൂനെയിലെ കൊറെഗാവ് പാർക്കിലുള്ള ഒരു ബംഗ്ലാവ് പ്രതിമാസം 2 ലക്ഷം രൂപ വാടകയ്ക്ക് പാട്ടത്തിന് നൽകിയിരുന്നു. നടിയുടെ സഹോദരൻ സിദ്ധാർത്ഥ് ചോപ്രയും അമ്മ മധു ചോപ്രയുമാണ് ഈ ബംഗ്ലാവിന്‍റെ ഉടമകള്‍. വടകയ്ക്ക് എടുത്ത സ്ഥാപനം 6 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെന്നാണ് വിവരം. 

നിലവില്‍ രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം അഭിനയിക്കുന്ന പ്രിയങ്ക അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹത്തിന് ശേഷം 2018 മുതല്‍ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറിയിരുന്നു. പൂര്‍ണ്ണമായും വിദേശത്തേക്ക് താമസം മാറുന്നതിന്‍റെ ഭാഗമായാണ് ഫ്ലാറ്റുകള്‍ വിറ്റത് എന്നാണ് സൂചന. 

'650 കോടി പടം, സല്‍മാന്‍റ അച്ഛനാകാന്‍ ആളില്ല': അറ്റ്ലിയുടെ സ്വപ്ന പ്രൊജക്ട് പെട്ടിയിലായത് ഇങ്ങനെ !

'എമ്പുരാനു'മായി ക്ലാഷ് വച്ച വിക്രത്തിന്‍റെ 'വീര ധീര ശൂരന്‍റെ' പുത്തന്‍ അപ്ഡേറ്റ് പുറത്ത്