കസ്തൂരിമാനിലെ വക്കീലിനെ അറിയാത്തവര്‍ ഉണ്ടാകില്ല. ഒരു സീരിയലിലൂടെ തന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് റബേക്ക സന്തോഷ്. ആങ്കറിങ്ങിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരം തന്‍റെ പ്രണയവും ആരാധകരോടായി പങ്കുവച്ചിരുന്നു. ഒരാളെന്നെ ഞാനാക്കി മാറ്റി, മറ്റൊരാള്‍ എനിക്ക് ജന്മം നല്‍കി എന്ന  കുറിപ്പോടെ അമ്മയുടെയും തന്‍റെ കാമുകന്‍റെയും ചിത്രം പങ്കുവച്ചിരുന്നു. സംവിധായകനായ ശ്രീജിത്ത് വിജയനെയാണ് റബേക്കയുടെ മറുപാതിയാകാന്‍ ഒരുങ്ങുന്നത്.

ഇതെല്ലാം  ചേര്‍ത്തുവച്ച്, അടുത്തിടെ റബേക്ക പങ്കുവച്ച ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളെറിയുകയാണ് ആരാധകര്‍. ക്രിസ്ത്യന്‍ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് റബേക്ക പങ്കുവച്ചിരിക്കുന്നത്. റബേക്കയുടെ മണവാട്ടി വേഷത്തിലുള്ള ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.വെള്ള ഗൗണില്‍  അതിസുന്ദരിയായാണ് റബേക്ക എത്തുന്നത്. വിവാഹം കഴിഞ്ഞോ , വരനെവിടെ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇതൊരു പരസ്യചിത്രത്തിനായി ഒരുങ്ങിയതാണെന്ന് വിവരം.