ഗെയിം ചേഞ്ചറിന്റെ സാമ്പത്തിക പരാജയത്തെക്കുറിച്ച് ദിൽ രാജു തുറന്നുപറഞ്ഞു. ഷങ്കറിനൊപ്പമുള്ള പ്രവർത്തനത്തിലെ പ്രശ്നങ്ങളും ചിത്രത്തിന്റെ ദൈർഘ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാം ചരണിന് ഹിറ്റ് സമ്മാനിക്കാൻ കഴിയാത്തതിലുള്ള ദുഃഖവും ദിൽ രാജു പ്രകടിപ്പിച്ചു.

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖ നിർമാതാവ് ദിൽ രാജു രാംചരണ്‍ നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം 'ഗെയിം ചേഞ്ചറിന്‍റെ' സാമ്പത്തിക പരാജയത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ഷങ്കർ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് പൊളിറ്റിക്കല്‍ ഡ്രാമ 300 കോടിയോളം ബജറ്റിലാണ് ഒരുക്കിയത്. ജനുവരി 10-ന് തിയേറ്ററുകളിൽ എത്തിയെങ്കിലും, ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. ആഗോള ബോക്സ് ഓഫീസിൽ വെറും 186.25 കോടി രൂപ മാത്രമാണ് നേടിയത് ഇത് നിർമാതാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി.

'ഗെയിം ചേഞ്ചർ' നിർമാണത്തിനിടെ നിരവധി വെല്ലുവിളികള്‍ നേരിട്ടതായി ദിൽ രാജു എം9 ന്യൂസിന് നടത്തിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. പ്രശസ്ത സംവിധായകനായ ശങ്കറിനൊപ്പം പ്രവർത്തിക്കുമ്പോൾ ഉണ്ടായ പ്രശ്നങ്ങൾ അദ്ദേഹം വെളിപ്പെടുത്തി.

"വലിയ സംവിധായകരുമായി വലിയ ചിത്രങ്ങൾ നിർമിക്കുമ്പോൾ, പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. 'ഗെയിം ചേഞ്ചറിന്റെ' ആദ്യ കട്ട് ഏഴ് മുതൽ ഏഴര മണിക്കൂർ വരെ ദൈർഘ്യമുള്ളതായിരുന്നു. എഡിറ്റർ ഷമീർ മുഹമ്മദ് ഇത് നാലര മണിക്കൂറായി കുറച്ചെങ്കിലും, മറ്റൊരു എഡിറ്റർ ഇത് 2.5-3 മണിക്കൂറായി വെട്ടിച്ചുരുക്കി," ദിൽ രാജു പറഞ്ഞു.

ഷങ്കർ വലിയ സംവിധായകനായതിനാൽ, നിർമാതാവിന് ചിത്രത്തിന്റെ നിർമാണ പ്രക്രിയയിൽ ഇടപെടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു. 'ഗെയിം ചേഞ്ചറിന്റെ' പരാജയം ദിൽ രാജുവിനെ വൈകാരികമായി തളർത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. "100% എനിക്ക് ഖേദമുണ്ട്. രാം ചരണിന് ഒരു ഹിറ്റ് സമ്മാനിക്കാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്. ഈ പ്രോജക്ട് എന്റെ കൈകളിൽ നിന്ന് വഴുതിപ്പോയി" അദ്ദേഹം പറഞ്ഞു.

ഷങ്കറിനെപ്പോലൊരു വലിയ സംവിധായകനുമായി പ്രവർത്തിക്കുമ്പോൾ കൃത്യമായ കരാർ തയാറാക്കാതിരുന്നത് തന്റെ തെറ്റായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. "ഇത് എന്റെ കരിയറിലെ ആദ്യത്തെ തെറ്റായ തീരുമാനമായിരുന്നു," ദിൽ രാജു കൂട്ടിച്ചേർത്തു. 'ഗെയിം ചേഞ്ചറിന്റെ' പരാജയത്തിന് ശേഷം, രാം ചരണിന്റെ ആരാധകർ ദിൽ രാജുവിനെ വിമർശിച്ചെങ്കിലും, രാം ചരണിന്റെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ചില എക്സ് പോസ്റ്റുകള്‍ പ്രകാരം രാം ചരണ്‍ ദില്‍ രാജുവിന് ഈ ചിത്രത്തിന്‍റെ നഷ്ടം നികത്താന്‍ മറ്റൊരു പടത്തിന് ഓപ്പണ്‍ ഡേറ്റ് നല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതി വിശദീകരണം ലഭ്യമല്ല.

കാര്‍ത്തിക് സുബ്ബരാജിന്‍റെ കഥയെ അടിസ്ഥാനമാക്കിയാണ് ഷങ്കര് ഗെയിം ചേഞ്ചര്‍ ഒരുക്കിയത്. കിയരാ അദ്വാനി, എസ്.ജെ. സൂര്യ, അഞ്ജലി, ശ്രീകാന്ത്, ജയറാം, സമുദ്രകനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. തമൻ എസ് ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം.