കോട്ടയം നസീര്‍ എന്നപേര് കേട്ടാല്‍ത്തന്നെ മലയാളികൾ ചിരിച്ചുതുടങ്ങും. നസീറും അദ്ദേഹത്തിന്റെ മിമിക്രിയും അത്രകണ്ട് ആസ്വാദകരമായതാണ്. മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ 1995ലാണ് താരം സിനിമയിലെത്തുന്നത്. പോലീസായും കള്ളനായും മലയാളിയെ കുടുകുടാ ചിരിപ്പിച്ച താരത്തിന്റെ ചിത്രവരകണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ചിത്രകല മിമിക്രി എന്നിവയാണ് തന്റെ ഇഷ്ടമേഖലകള്‍ എന്ന് താരം ചില അഭിമുഖങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും, നസീറിന്റെ ക്വറന്‍ൈന്‍ദിന വരകള്‍ കണ്ടാല്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വച്ചുപോകും.

കോട്ടയം നസീറിന്റെ വരകള്‍ രമേഷ് പിഷാരടിയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രകലയിലാണ് നിങ്ങള്‍ കൂടുതല്‍ ഫോക്കസ് കൊടുത്തിരുന്നതെങ്കില്‍ മലയാളികള്‍ മാത്രമല്ല, ലോകം മുഴുവന്‍ നിങ്ങളെ അറിഞ്ഞേനെ എന്നുപറഞ്ഞാണ് പിഷാരടി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വീട്ടിലിരുന്നപ്പോള്‍ വെറുതെ വരച്ച ചിത്രങ്ങള്‍ പിഷാരടിക്ക് അയച്ചുകൊടുത്തതാണ് കോട്ടയം നസീര്‍. യാതൊരുവിധത്തിലും പങ്കുവയ്ക്കാതിരിക്കാത്ത ചിത്രങ്ങളായതിനാലാകണം താരം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നാണ് ആരാധകരുടെ കമന്റ്.

കുറിപ്പിങ്ങനെ - 
കോട്ടയം നസിര്‍...മിമിക്രി കലാകാരന്മാര്‍ക്കിടയിലെ 'ഒരേ ഒരു രാജാവ് '. അതുല്യനായ ഒരു ചിത്രകാരന്‍ കൂടെയാണ് . കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ എക്‌സിബിഷന്‍ കണ്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞത് ഇതാണ് 'മിമിക്രി എന്ന കലയിലൂടെ മലയാളികള്‍ മുഴുവന്‍ നിങ്ങളെ അംഗീകരിച്ചു, ചിത്രരചനാ മേഖലയില്‍ ആണ് ഇക്ക കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് എങ്കില്‍ ഒരു പക്ഷെ ഇന്ന് ലോകം നിങ്ങളെ അറിഞ്ഞേനെ ' അദ്ദേഹത്തിന്റെ ചില ലോക്ഡൗണ്‍ നേരമ്പോക്കുകള്‍ എനിക്കയച്ചു തന്നത് ഞാന്‍ നിങ്ങളുമായി പങ്ക് വയ്ക്കുന്നു.