പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ കഥാപാത്രങ്ങളെ സ്വന്തം വീട്ടുകാരെന്നോണമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.  ബാലുവും നീലുവും മുടിയനും ലച്ചുവും ശിവാനിയും കേശുവും പാറുക്കുട്ടിയുമടക്കമുള്ള കുടുംബത്തെ അത്രത്തോളമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. പരമ്പരയില്‍ ലച്ചുവെന്ന കഥാപാത്രം ചെയ്ത ജൂഹി റുസ്തകി പരമ്പരയില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചിരുന്നു.

പഠനവും യാത്രയും സീരിയസായി കാണാന്‍ ആഗ്രഹമുള്ളതുകൊണ്ടാണ് മാറി നില്‍ക്കുന്നതെന്ന് ലച്ചു വ്യക്തമാക്കിയിരുന്നു.എന്നാല്‍ പരമ്പരയില‍് നിന്ന് ബാലുവും നീലുവുമടക്കമുള്ള കഥാപാത്രങ്ങള്‍ കുറച്ചുദിവസം പരമ്പരയില്‍ നിന്ന് മാറിനിന്നിരുന്നു. ഇതിനു പിന്നാലെ പരമ്പരയെ ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ ദു:ഖത്തോടെയുള്ള പ്രതിഷേധങ്ങള്‍ക്കും സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ചു.

ഇപ്പോഴിതാ ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുടിയന്‍റെ വേഷത്തിലെത്തുന്ന ഋഷി. 'ഞങ്ങൾ തിരിച്ചെത്തി. ഇപ്പൊ എല്ലാരും ഹാപ്പി ആയല്ലോ; ഇത്രേ ഉള്ളൂ കാര്യം. ഇതിനാണ് എല്ലാരും ടെൻഷൻ അടിച്ചേ. എന്നാലും നിങ്ങളുടെ സ്നേഹം അപാരമാണ്'- എന്നായിരുന്നു ഋഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുടിയന്‍ അമ്മ നീലുവിനും അച്ഛന്‍ ബാലുവിനും സഹോദരങ്ങള്‍ക്കും ഒപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.