സ്പിരിറ്റില്‍ നിന്ന് പുറത്തായ ദീപിക പദുകോണ്‍ ആറ്റ്ലിയുടെ പുതിയ ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം അഭിനയിക്കും. സണ്‍ പിക്ചേര്‍സ് പുറത്തുവിട്ട വീഡിയോയ്ക്ക് പിന്നാലെ സന്ദീപ് റെഡ്ഡി വാംഗയ്‌ക്കെതിരെ ട്രോളുകള്‍ ഉയര്‍ന്നു.

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. സന്ദീപ് റെഡ്ഡി വാംഗയുടെ പ്രഭാസ് ചിത്രം സ്പിരിറ്റില്‍ നിന്ന് ദീപിക പുറത്തായത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദീപിക മുന്നോട്ടു വച്ച വിവിധ ഡിമാന്‍ഡുകളാണ് സംവിധായകനെ ഉള്‍പ്പെടെ ചൊടിപ്പിച്ചതെന്നും അതിനാല്‍ അവര്‍ താരത്തെ പ്രോജക്റ്റില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വലിയ ചിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ് ദീപിക പദുകോണ്‍. അല്ലു അര്‍ജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദീപികയും എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ദീപികയുടെ എന്‍ട്രി പ്രഖ്യാപിക്കുന്ന വീഡിയോ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് പുറത്തുവിട്ടത്. പിന്നാലെ സന്ദീപ് റെഡ്ഡി വാംഗയ്ക്കെതിരെ വലിയ തോതിലുള്ള ട്രോളുകളാണ് ഉയര്‍ന്നുവന്നത്.

വീഡിയോയ്ക്ക് കമന്‍റുമായി ദീപികയെ പ്രശംസിച്ച് ആരാധകര്‍ രംഗത്തെത്തി. സന്ദീപ് റെഡ്ഡി വംഗയുമായുള്ള 'പ്രൊഫഷണലല്ലാത്ത പെരുമാറ്റം'എന്ന ആരോപണത്തെ തുടർന്ന് ദീപികയെ ചേര്‍ത്ത് നടന്ന വിവാദത്തെ പല ആരാധകരും കമന്‍റി്‍ പരിഹസിച്ചു.ഒരു ഉപയോക്താവ് കമന്റ് ചെയ്തു, "ഒരു സംവിധായകൻ ദീപികയെ ബഹുമാനിക്കുന്നത് ഇങ്ങനെയാണ്".

"അവൾക്ക് നോക്കാൻ ഒരു കുട്ടിയുള്ളതിനാൽ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങൾ ആവശ്യപ്പെട്ടു. അവളുടെ കഴിവിലും സിനിമയിലും ആത്മവിശ്വാസമുള്ളതിനാൽ അവൾ ലാഭവിഹിതം ചോദിച്ചു. ബേബി സിറ്റിംഗ് ഫീസ് പോലുള്ള അതിരുകടന്ന ഒന്നും അവൾ ആവശ്യപ്പെട്ടില്ല. ഒരു സ്ത്രീ എന്ന നിലയിൽ, അവൾ അത് ചോദിച്ചത് അനീതിയായി എനിക്ക് തോന്നുന്നില്ല" ഒരാള്‍ എഴുതി.

"രാജ്ഞിയുടെ തിരിച്ചുവരവ് വ്യക്തിപരമാകുമ്പോൾ." എന്നാണ് മറ്റൊരു കമന്‍റ്, "അറ്റ്ലി നിശബ്ദമായി സന്ദീപ് റെഡ്ഡി വംഗയെ റോസ്റ്റ് ചെയ്തു" എന്നാണ് മറ്റൊരു കമന്‍റ് വന്നത്. എന്തായാലും ദീപികയുടെ അല്ലു ചിത്രത്തിലെ എന്‍ട്രി സന്ദീപ് റെഡ്ഡി വംഗയ്ക്ക് വലിയ ട്രോളായി മാറിയിരിക്കുകയാണ്.

അതേ സമയം ഒരു പാരലല്‍ യൂണിവേഴ്സിന്‍റെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന അറ്റ്ലി ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക. ഇതിലൊന്ന് മിക്കവാറും ഒരു അനിമേറ്റഡ് കഥാപാത്രം ആയിരിക്കും. ഈ മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചെലവഴിക്കുന്നത്. കരിയറിലെ ആറാം ചിത്രത്തിന് ആറ്റ്ലി ഈടാക്കുന്ന പ്രതിഫലം 100 കോടിയാണ്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക.