ടെലിവിഷൻ രംഗത്തുള്ളവർക്ക് നടൻ ശബരി നാഥിന്റെ വിയോഗം ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. ടെലിവിഷൻ പരമ്പരകളിലെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രശസ്തനായ  താരം സെപ്തംബറിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ, തന്റെ സുഹൃത്തിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നാണ് സുഹൃത്തും സഹതാരവുമായ സജൻ സൂര്യ ഇപ്പോഴും പറയുന്നത്. ആ വിയോഗം ഉൾക്കൊള്ളാൻ സാജൻ തയ്യാറായിട്ടില്ല. ഇ- ടൈംസ് ടിവിയുമായി സംസാരിക്കവെയാണ് സാജൻ തന്റെ പ്രിയ സുഹൃത്തിനെ ഓർത്തത്.

'അവൻ പോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഓരോ തവണയും ഞാൻ എന്റെ ഫോൺ നോക്കുമ്പോൾ, അവന്റെ കോളിനായി ഞാൻ കൊതിക്കാറുണ്ട്. ദിവസങ്ങൾക്ക് മുമ്പ്, രാത്രിയിൽ, എനിക്ക് അവന്റെ മൊബൈലിൽ നിന്ന് ഒരു കോൾ വന്നു, അവന്റെ മകളാണ് വിളിക്കുന്നതെന്ന് എനിക്കറിയാം, എങ്കിലും, കുറഞ്ഞത് ഒരു നിമിഷമെങ്കിലും, അത് സെപ്റ്റംബർ 17-ന് മുമ്പാണോ എന്ന് ഞാൻ സംശയിച്ചു. ഇപ്പോഴും, അവന്റെ നമ്പർ എന്റെ ഫോണിന്റെ ഫാവറേറ്റ് കോൺ‌ടാക്റ്റ് പട്ടികയിലുണ്ട്. എന്റെ ഭാര്യയുടെ കോൺടാക്റ്റ് നമ്പർ എനിക്കറിയില്ല, പക്ഷേ അവന്റെ നമ്പർ എന്റെ ഓർമയിൽ പതിച്ചിട്ടുണ്ട്. അവൻ പോയിട്ടില്ല...'

തന്റെ ജീവിതത്തിൽ നിരവധി മരണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നാൽ അവയൊന്നും തന്നെ ഇതുപോലെ തകർത്തില്ലെന്നും സാജൻ പറയുന്നു. ശബരി എനിക്ക് ഒരു സുഹൃത്തേക്കാൾ അപ്പുറത്തായിരുന്നു. എന്നെ നന്നായി അറിയുന്ന ഒരാൾ, എനിക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാനും ലോകത്തെ എന്തിനെക്കുറിച്ചും സംസാരിക്കാനും കഴിയുന്നയാൾ. നഷ്ടം എന്ന വാക്കിന്റെ അർത്ഥം ഇപ്പോൾ എനിക്ക് വ്യക്തമായി അറിയാമെന്നും സാജൻ പറഞ്ഞുനിർത്തുന്നു.