മുംബൈ പൊലീസിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് സ്റ്റോറി

ദുല്‍ഖര്‍ സല്‍മാനെ (Dulquer Salmaan) നായകനാക്കി ബോബി- സഞ്ജയ്‍യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് (Rosshan Andrrews) സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ഇതിനകം പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയിട്ടുള്ള ചിത്രമാണ് 'സല്യൂട്ട്' (Salute). ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് അഭിനയിക്കുന്നത്. ഇന്നലെ പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‍ലറിന് യുട്യൂബില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. ഒരു ദിവസം കൊണ്ട് 15 ലക്ഷത്തോളം കാഴ്ചകള്‍ ലഭിച്ച ട്രെയ്‍ലര്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലും ഒന്നാമതാണ്. ട്രെയ്‍ലര്‍ വന്നതിനു പിന്നാലെ ദുല്‍ഖറിന്‍റെ പൊലീസ് വേഷത്തെ ട്രോളുകളിലൂടെ ആഘോഷിക്കുകയാണ് ആരാധകര്‍.

മലയാളം, തമിഴ് സിനിമകളിലെ പ്രശസ്‍ത പൊലീസ് കഥാപാത്രങ്ങള്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന 'അരവിന്ദ് കരുണാകരന്‍ ഐപിഎസി'നെ സല്യൂട്ട് ചെയ്യുന്ന രീതിയിലാണ് ട്രോളുകള്‍. സൂര്യയുടെയും വിജയ്‍യുടെയും ബിജു മേനോന്‍റെയും മമ്മൂട്ടിയുടെതന്നെ കഥാപാത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. 

ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍ വരുന്ന പൊലീസ് സ്റ്റോറിയാണ് ചിത്രം. 'മുംബൈ പൊലീസി'നു ശേഷം റോഷന്‍ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് പശ്ചാത്തലത്തിലുള്ള ചിത്രം എന്നതും പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകമാണ്. ബോളിവുഡ് താരം ഡയാന പെന്‍റിയാണ് നായിക. മനോജ് കെ ജയന്‍, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 14ന് തിയറ്ററുകളിലെത്തും. പിആര്‍ഒ മഞ്ജു ഗോപിനാഥ്.