മലയാളികള്‍ക്ക് മറക്കാനാകാത്ത നായിക വേഷങ്ങള്‍ ചെയ്ത നിരവധി താരങ്ങളുണ്ട് മലയാളസിനിമയില്‍. അതിലൊരാള്‍ സംയുക്ത വര്‍മ്മയാണ് എന്ന് പറഞ്ഞാല്‍ തര്‍ക്കമുണ്ടാകില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ഹരിശ്രീ കുറിച്ച സംയുക്ത, അതേ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടര്‍ന്ന് പതിന‍ഞ്ചോളം ചിത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു താരം അഭിനയം നിര്‍ത്തിവച്ചത്.

ബിജുമേനോനുമായുള്ള വിവാഹ ശേഷമായിരുന്ന നടി സിനിമ വിട്ടത്. കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടയിലും സ്വന്തമായി മറ്റു ചില കാര്യങ്ങളില്‍ സംയുക്ത സജീവമായിരുന്നു. യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോള്‍ സജീവമാണ് താരം. സ്വന്തം നിലയ്ക്ക് പരിശീലനം നല്‍കാനും ആളുകളെ ബോധവല്‍ക്കരിക്കാനും സംയുക്ത സമയം കണ്ടെത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലാണ് സംയുക്ത പുതിയ ചിത്രങ്ങളും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. സ്വന്തം ശാരീരികവും മാനസികവും ആത്മീയവുമായ  ആരോഗ്യത്തിന് 20 മിനുട്ടെങ്കിലും മാറ്റിവയ്ക്കണമെന്നാണ് സംയുക്ത പറയുന്നത്. പ്രത്യേകിച്ചും ഇന്ത്യിയിലെ സ്ത്രീകള്‍ വ്യായാമം ചെയ്യണം. സ്വന്തമായി ചില ഉറപ്പുകള്‍ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കഴിയുന്നവരെല്ലാം യോഗ അറിയാവുന്നതുപോലെ പരിശീലിക്കണം. പരിപൂര്‍ണതയെ കുറിച്ച് വേവലാതി വേണ്ട, തുടങ്ങാനുള്ള മനസിലാണ് കാര്യമെന്ന ഉപദേശവും സംയുക്ത നല്‍കുന്നു.