Asianet News MalayalamAsianet News Malayalam

Santhwanam Serial : അപ്പുവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന തമ്പി: 'സാന്ത്വനം' റിവ്യൂ

തമിഴ് പരമ്പരയായ 'പാണ്ഡ്യന്‍ സ്റ്റോഴ്‌സി'ന്‍റെ റീമേക്ക് ആണ് 'സാന്ത്വനം'

santhwanam serial review asianet
Author
Thiruvananthapuram, First Published Apr 20, 2022, 5:58 PM IST

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം (Santhwanam Serial). ഒരു കൂട്ടുകുടുംബത്തിന്റെ സ്നേഹപൂര്‍ണ്ണമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്കെത്തിക്കാന്‍ പരമ്പരയ്ക്ക് കൃത്യമായി കഴിഞ്ഞിട്ടുണ്ട്. 'ശിവാഞ്ജലി'യുടെ (Sivanjali) പ്രണയവും കുടുംബ ബന്ധങ്ങളിലെ മനോഹാരിതയും പറഞ്ഞ് മുന്നോട്ട് പോയിരുന്ന പരമ്പര കുറച്ച് നാളുകളായി സംഘര്‍ഷഭരിതമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഒന്ന് തീരുമ്പോള്‍ മറ്റൊന്ന് എന്ന തരത്തിലാണ് പരമ്പരയിലേക്ക് പ്രശ്‌നങ്ങളെത്തുന്നത്. ജഗന്നാഥന്‍ എന്ന പലിശക്കാരനെ ശിവന്‍ മര്‍ദിക്കുന്നതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. അതിനുശേഷം തമ്പിയും രാജലക്ഷ്മിയും ജയന്തിയും ഉണ്ടാക്കിയ പ്രശ്‌നങ്ങളും പരമ്പരയിലേക്ക് കടന്നുവന്നു.

സാന്ത്വനം വീട്ടിലെ ഏട്ടാനിയന്മാരും അവരുടെ ജീവിതപങ്കാളികളുമാണ് പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങള്‍. ജീവിതപങ്കാളികളുമായി നല്ല ബന്ധത്തിലാണ് ഏട്ടാനിയന്മാരെങ്കിലും, അവരുടെ വീട്ടുകാര്‍ ആകെ പ്രശ്നമാക്കുകയാണ് ചെയ്യുന്നത്. ശിവന്‍-അഞ്ജലി (Sivanjali) ബന്ധത്തില്‍, അഞ്ജലിയുടെ അപ്പച്ചിയായ ജയന്തിയായിരുന്നു പ്രശ്നം. അത് ഏകദേശം കെട്ടടങ്ങിയപ്പോഴാണ്, ഹരിയുടെ ഭാര്യയായ അപര്‍ണ്ണയുടെ അച്ഛനും അപ്പച്ചിയും പുതിയ പ്രശ്നങ്ങളുമായി സാന്ത്വനം വീട്ടിലേക്ക് വരുന്നത്. ഹരി പ്രണയിച്ച് വിവാഹം കഴിക്കുന്ന അപര്‍ണ്ണ നാട്ടുപ്രമാണിയായ തമ്പിയുടെ മകളാണ്. ഹരിയെ വിവാഹം കഴിച്ചതോടെ അപര്‍ണ്ണയെ തമ്പി വീട്ടില്‍നിന്നും അകറ്റുകയും, കാലങ്ങള്‍ക്കുശേഷം, അപര്‍ണ്ണ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ തിരികെ വീട്ടിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ മകള്‍ വരില്ലെന്ന് മനസ്സിലാക്കുന്ന തമ്പി മകളെ തിരികെയെത്തിക്കാനായി പല മോശം വഴികളും സ്വീകരിക്കുന്നു.

അഞ്ജലിയുടെ അച്ഛന്‍ പലിശയ്ക്ക് കടം വാങ്ങിയ ജഗന്നാഥന്‍ എന്നയാള്‍ അഞ്ജലിയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുമ്പോള്‍ ശിവന്‍ ഇടപെടുകയും, ജഗന്നാഥനെ തല്ലുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ ശിവനോട് ദേഷ്യമുള്ള തമ്പി ജഗന്നാഥന്റെ പ്രശ്‌നത്തില്‍ ചെറുതായി ഇടപെടുകയും, ശിവനെ പോലീസ് സ്‌റ്റേഷനിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിന്റെ പിന്നില്‍ തമ്പിയാണെന്ന് അപ്പോള്‍ ആരും അറിയുന്നില്ല. പക്ഷെ ഇപ്പോള്‍ സാന്ത്വനം വീട്ടിലെ ആളുകള്‍ സത്യാവസ്ഥ അറിയുകയാണ്. കാര്യങ്ങളറിയുന്ന സാന്ത്വനം വീട്ടിലെ വല്ല്യേട്ടനായ ബാലന്‍, തമ്പിയോട് അക്കാര്യം പറയുകയും ചെയ്യുന്നു. വലിയ പ്രശ്‌നങ്ങളില്ലാതെയാണ് ഇരുവരും സംസാരിക്കുന്നതെങ്കിലും, ഈ സംസാരത്തെ വലിയ പ്രശ്‌നമായി ജയന്തി അപ്പുവിനോട് പറയുന്നു. അപ്പുവിനെയും തമ്പിയെയും താറടിക്കാനാണ് ബാലന്‍ ശ്രമിക്കുന്നതെന്നാണ് ജയന്തി അപ്പുവിനോട് പറയുന്നത്. ഗര്‍ഭിണിയായിരിക്കുന്ന അപ്പു, ജയന്തിയുടെ ചില സംസാരങ്ങള്‍ അതിരുവിടുന്നതോടെ ബോധം മറഞ്ഞ് വീഴുകയാണ്.

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന അപ്പുവിനെ കാണാനായി തമ്പിയും ഭാര്യയുമെല്ലാം എത്തുന്നതായാണ് പുതിയ പ്രൊമോയില്‍ കാണിക്കുന്നത്. മകളുടെ ഈ അവസ്ഥയ്ക്ക് കാരണം ജയന്തിയാണെന്ന് മനസ്സിലാക്കുന്ന തമ്പി ജയന്തിയെ അശുപത്രിയില്‍ നിന്നും ഇറക്കിവിടുന്നുണ്ട്. കണക്കിന് ചീത്ത പറഞ്ഞാണ് ജയന്തിയെ ഇറക്കി വിടുന്നത്. സങ്കടത്തോടെ ഇറങ്ങി നടന്നുപോകുന്ന ജയന്തിയുടെ അടുത്തേക്ക് ശിവന്‍ എത്തുകയും തമ്പി പറഞ്ഞതിന്റെ ബാക്കി ചീത്ത പറയുകയും ചെയ്യുന്നുണ്ട്. എന്താനാണ് ജീവിക്കുന്നത്, പോയി മരിച്ചൂടെ എന്ന തരത്തില്‍ രൂക്ഷമായാണ് ശിവന്‍ ജയന്തിയോട് സംസാരിക്കുന്നത്. കൂടാതെ ഇങ്ങനെയൊരു മകളെ വളര്‍ത്തിയെന്നതിന് ജയന്തിയുടെ അച്ഛനേയും അമ്മയേയും ശിവന്‍ ചീത്ത വിളിക്കുന്നുണ്ട്. പരമ്പരയിലെ കല്ലുകടിയായ ജയന്തിയെ ഇടവും വലവും തിരിയാന്‍ അനുവദിക്കാതെ ചീത്ത വിളിച്ചതിനുള്ള സന്തോഷത്തിലാണ് പരമ്പരയുടെ ആരാധകര്‍.

തമിഴ് പരമ്പരയായ 'പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ' (Pandian stores) റീമേക്കാണ് 'സാന്ത്വനം'. ഒരു പലചരക്ക് കട നടത്തുന്ന ജേഷ്ഠാനുജന്മാരുടെ കഥയാണ് പരമ്പര പറയുന്നത്. വീട്ടിലെ ജേഷ്ഠനായ 'ബാലചന്ദ്രനും' ഭാര്യയും കുട്ടികള്‍ വേണ്ടെന്നുവച്ച് അനിയന്മാരെ സ്വന്തം മക്കളായി വളര്‍ത്തുകയാണ്. അവരുടെ മനോഹരമായ ബന്ധങ്ങളും, കൂട്ടുകുടുംബത്തിലെ സന്തോഷമായ നിമിഷങ്ങളും മറ്റും പരമ്പര മനോഹരമായാണ് സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത്. വ്യത്യസ്തമായ പേരുകളില്‍ ഇന്ത്യയിലെ ഏഴോളം ഭാഷകളില്‍ പരമ്പര മികച്ച റേറ്റിംഗോടെ മുന്നോട്ട് പോകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios