Asianet News MalayalamAsianet News Malayalam

താന്‍ പോലുമറിയാതെ 'അധോലോക'മായി ശിവന്‍; 'സാന്ത്വനം' റിവ്യൂ

'ബാലനും' സഹോദരങ്ങളുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍

santhwanam serial review asianet
Author
Thiruvananthapuram, First Published Jul 19, 2022, 7:43 PM IST

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം (Santhwanam). പ്രണയവും സൗഹൃദവും സഹോദര സ്നേഹവും പറഞ്ഞ പരമ്പരയെ ആരാധകര്‍ ഒന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു. സീരിയല്‍ പ്രേമികള്‍ ഈ പരമ്പരയെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെ പലപ്പോഴും അറിയാനാവും. ശിവാഞ്ജലിയുടെ പ്രണയവും കുടുംബ ബന്ധങ്ങളുടെ കഥയും പരമ്പരയെ റേറ്റിംഗിലും മുന്നിലെത്തിച്ചു.

സാന്ത്വനം വീട്ടിലെ ബാലനും സഹോദരങ്ങളുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. കൂടെ അവരുടെ ഭാര്യമാരും ഭാര്യാകുടുംബവും കൂടെയായപ്പോള്‍ ഉള്ളടക്കത്തില്‍ കളിയും കാര്യവും വന്നു. ശിവാഞ്ജലിയുടെ പ്രണയം പരമ്പരയെ റൊമാന്റിക്ക് ആക്കിയപ്പേള്‍, സാന്ത്വനം കുടുംബത്തെ ദ്രോഹിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ചിലര്‍ പരമ്പരയെ ആകാംക്ഷയുള്ളതുമാക്കി. സാന്ത്വനം വീട്ടുകാരോട് എപ്പോഴും ശത്രുത കാണിക്കുന്ന ഭദ്രനും കുടുംബവും ആണ് ഇപ്പോള്‍ പരമ്പരയിലെ പ്രധാന പ്രതിനായക കഥാപാത്രങ്ങള്‍. ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അത്തരം എപ്പിസോഡുകളാണ് ഇപ്പോള്‍ പരമ്പരയിലുള്ളത്. സാന്ത്വനം വീട്ടിലെ കലിപ്പനായ ശിവന്‍ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രമാണ്. തന്റെ വീട്ടുകാരെ ദ്രോഹിച്ച ഭദ്രനെതിരെ തിരിഞ്ഞ ശിവനെ വളരെ പാടുപെട്ടാണ് വീട്ടുകാര്‍ അടക്കി നിര്‍ത്തിയത്. വീട്ടുകാരുടെ വാക്കുകള്‍ക്കു മുന്നില്‍ അടങ്ങി നില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം.

ALSO READ : എ ആര്‍ റഹ്‍മാന്‍ മാജിക്ക് മലയാളത്തില്‍; 'മലയന്‍കുഞ്ഞി'ലെ ഗാനമെത്തി

താന്‍ പോലും പ്രതീക്ഷിക്കാതെ അധോലോകം ആയി മാറിയിരിക്കയാണ് ശിവന്‍. താന്‍ പ്രതികാരം ചെയ്യണമെന്ന് ഉദ്ദേശിച്ചിരുന്നവരെ മറ്റാരോ അക്രമിച്ചതിന്‍റെ പഴി ഇപ്പോള്‍ ശിവനുനേരെ വന്നിരിക്കുകയാണ്. ഭദ്രന്റെ മക്കള്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു അഞ്ജാതരുടെ അക്രമണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരു ചെറിയ സംഘമാണ് അവരെ അക്രമിക്കുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ ഹരിയാണോ എന്ന് സംശയിക്കുന്നവരും പ്രേക്ഷകരുടെ കൂട്ടത്തിലുണ്ട്. കാരണം, കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഇനി ഭദ്രനേയും മക്കളെയും വകവരുത്തിയേ ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞാണ് ഹരി വീട്ടില്‍നിന്നും കാറെടുത്ത് പോയത്. ഇതുവരേയും ഹരി തിരികെ വന്നിട്ടുമില്ല.

കൂടാതെ ഹരിയുടെ അമ്മായിയച്ഛനായ തമ്പിയെയും പലരും സംശയിക്കുന്നുണ്ട്. നാട്ടുപ്രമാണിയായ തമ്പി മകളുടെ കഷ്ടതകള്‍ കണ്ട് ചെയ്തതാണോ ഈ പണിയെന്നും പലരും സംശയിക്കുന്നു. എന്നാല്‍ പുതുതായി വന്ന പ്രൊമോയില്‍പോലും ആരാണ് അക്രമിസംഘം എന്നത് സംബന്ധിച്ച സൂചനയൊന്നും അണിയറക്കാര്‍ പ്രേക്ഷകര്‍ക്ക് കൊടുക്കുന്നില്ല. ശിവനെയാണ് എല്ലാവരും സംശയിക്കുന്നത് എന്നിരിക്കെ, ശിവനും അഞ്ജലിയും തങ്ങളുടെ പ്രണയലോകത്താണ് എന്നതാണ് രസം. 

Follow Us:
Download App:
  • android
  • ios