റിയാലിറ്റി ഷോയില്‍ ഒരുമിച്ച് ചുവടുകള്‍ വച്ച് ഹരിയും അപ്പുവും

ഒരു കൂട്ടുകുടുംബത്തിന്റെ കഥ മനോഹാരിതയോടെ സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്ന പരമ്പരയാണ് സാന്ത്വനം. കൃഷ്ണ സ്റ്റോഴ്‌സ് എന്ന കട നടത്തുന്ന കുടുംബത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളും അതിജീവനവുമാണ് പരമ്പരയുടെ കഥ. സാന്ത്വനം വീട്ടിലെ ജോഡികള്‍ എല്ലാവരും തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ശിവാഞ്ജലിയാണ് ആദ്യമേ പ്രേക്ഷകപ്രിയം നേടിയതെങ്കിലും, ഹരി-അപ്പു ജോഡിയാണ് പിന്നീട് വലിയ കൈയടി നേടിയത്. സന്തുഷ്ടരായ ജോഡികളായി സ്‌ക്രീനില്‍ എത്തിയെങ്കിലും, ഇപ്പോള്‍ രണ്ടുപേര്‍ക്കുമിടയില്‍ പ്രശ്നങ്ങളാണ്. അപ്പുവിന്റെ അച്ഛനായ തമ്പി സാന്ത്വനം കുടുംബത്തിന്റെ സ്വത്ത് കാര്യങ്ങളില്‍ ഇടപ്പെടാന്‍ എത്തിയതാണ് ഇപ്പോള്‍ ഇരുവരും തെറ്റാനുള്ള കാരണം. അച്ഛനോട് ഹരി മോശമായി സംസാരിച്ചുവെന്നും, അച്ഛന്റെ പദ്ധതിയാണ് നല്ലതെന്നും അഭിപ്രായമുള്ള അപ്പു സാന്ത്വനം വീട്ടില്‍ നിന്നും ഇറങ്ങിപോകുന്നതാണ് പുതിയ എപ്പിസോഡിലുള്ളത്. എന്നാല്‍ സ്റ്റാര്‍ മാജിക്കിന്റെ ഫ്ളോറില്‍ ഇരുവരും ഗംഭീര ഡാന്‍സുമായി എത്തി.

എക്കാലത്തേയും മികച്ച പ്രണയഗാനമായ 'നീയൊരു പുഴയായി തഴുകുമ്പോള്‍' എന്ന പാട്ടിനാണ് ഹരിയും അപ്പുവും ഒരുമിച്ച് ചുവടുകള്‍ വച്ചത്. മികച്ച മ്യൂസിക് ഷോയായ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും സീസണ്‍ നാലില്‍ ഇത്തവണ എത്തുന്നത് 'ദയ', 'സാന്ത്വനം' പരമ്പര താരങ്ങളാണ്. സാന്ത്വനത്തിലെ ബാലന്‍ വല്ല്യേട്ടനായി എത്തുന്ന രാജീവ് പരമേശ്വറും പരമ്പരയിലെ പ്രധാന പ്രതിനായക കഥാപാത്രം ജയന്തിയായി എത്തുന്ന അപ്‌സരയും ഒന്നിച്ചുള്ള പാട്ടും ആരാധകര്‍ സ്വീകരിച്ചുകഴിഞ്ഞു. രസകരമായ സ്റ്റാര്‍ട്ട് മ്യൂസിക് എപ്പിസോഡിന് കാത്തിരിക്കുകയാണ് ആരാധകര്‍.

ALSO READ : 'യമഹ'; ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി

View post on Instagram

വീഡിയോ ജോക്കി ആയതിനു ശേഷമാണ് ഗിരീഷ് അഭിനയത്തിലേക്ക് എത്തുന്നത്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദ്ധധാരിയായ ഗിരീഷ്, ഇന്ത്യയിലെ പഠനത്തിനുശേഷം ലണ്ടനിലും സിംഗപ്പൂരിലും ഉപരിപഠനത്തിലായിരുന്നു. എന്നാല്‍ അഭിനയമോഹം ഗിരീഷിനെ പ്രേക്ഷകപ്രിയമുള്ള ഹരിയേട്ടനാക്കി മാറ്റുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ രക്ഷാ രാജ് ആണ് അപ്പു എന്ന അപര്‍ണ്ണയായി സ്‌ക്രീനിലെത്തുന്നത്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം.