കാറും കോളുമൊഴിഞ്ഞ ആകാശത്ത് ഉദയസൂര്യനെന്നതുപോലെ പരമ്പരയില്‍ താല്‍ക്കാലികമായി സംഘര്‍ഷങ്ങളൊഴിയുകയാണ്. പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സീതാകല്ല്യാണം പുത്തന്‍ വഴിത്തിരിവിലേക്കാണ് എത്തുന്നത്. അഭിറാമും രാജേശ്വരിയും ഫാക്ടറി പണിമുടക്ക് എന്ന വിഷയവും ഒരു വശത്തേക്ക് നീങ്ങി, പരമ്പര പുത്തന്‍ പാതയിലേക്ക് എത്തിയിരിക്കുന്നു. തന്റെ മരണത്തിനുമുന്‍പേ സ്വത്തുക്കള്‍, സീതയുടേയും സ്വാതിയുടേയും കുഞ്ഞുങ്ങളുടെയും പേരില്‍ എഴുതിവെക്കാനുള്ള ശ്രാവണിയുടെ ആഗ്രഹം സാധിക്കാന്‍ പോകുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ ശ്രാവണിയുടെ പദ്ധതിക്ക് രാജേശ്വരി തുരങ്കം വയ്ക്കുന്നത് ആരും അറിയുന്നില്ലെന്നുമാത്രം.

ശ്രാവണിയെ വിവാഹം ചെയ്ത് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ അഭിറാം എന്ന വില്ലന്‍ ശ്രമിക്കുന്നതും സീതയെയും ശ്രാവണിയെയും കൊലപ്പെടുത്തി സ്വത്തുക്കളെല്ലാം, അജയ്‌യുടെയും സ്വാതിയുടേയും പേരിലാക്കാനുള്ള രാജേശ്വരിയുടെ ശ്രമവുമെല്ലാം താല്‍ക്കാലിക വിരാമത്തിലാണുള്ളത്. ശ്രാവണി തന്റെ സ്വത്തുവകകളെല്ലാം സീതയുടെയും സ്വാതിയുടേയും കുഞ്ഞുങ്ങളുടെ പേരിലേക്കാക്കാന്‍ തുനിഞ്ഞത് വക്കീല്‍ മുഖാന്തിരം രാജേശ്വരി അറിഞ്ഞിരിക്കുന്നു. സീത ഗര്‍ഭിണിയാകില്ലെന്ന് കരുതിയിരിക്കുന്ന രാജേശ്വരി, സ്വാതിയുടെ കുഞ്ഞിനാകും എല്ലാ സ്വത്തും എന്ന് കരുതിയാണ് മുന്നോട്ടുപോകുന്നത്. സ്വാതിയെയും അജയ്‌യെയും വളരെ നന്നായാണ് രാജേശ്വരി കെയര്‍ ചെയ്യുന്നത്. എന്നാല്‍ രാജേശ്വരിയുടെ പദ്ധതികളൊന്നുംതന്നെ ആരും അറിയുന്നുമില്ല. മാതൃകാ അമ്മായിയമ്മയായാണ് രാജേശ്വരി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അതിനിടെ ശ്രാവണിയുടെ വിവാഹം നീട്ടിവയ്ക്കാനായി, ശ്രാവണിയെ സീതയും സ്വാതിയും ചേര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുന്നും മറ്റുമുണ്ട്. വിവാഹം നടക്കുമെന്നും വിചാരിച്ചിരിക്കുന്ന അഭിറാം അതറിഞ്ഞ് ബഹളമുണ്ടാക്കുന്നതും മറ്റുമായ രംഗങ്ങള്‍ കാണികളുടെ ശ്രദ്ധയെ കാര്യമായി ക്ഷണിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ കള്ളങ്ങള്‍ പറഞ്ഞ് എത്രകാലം ശ്രാവണിയെ സത്യമറിയിക്കാതിരിക്കാന്‍ കഴിയുമെന്നതും, അഭിറാമിനെ പറ്റിക്കുമെന്നതും ചോദ്യചിഹ്നമായിത്തന്നെ പരമ്പരയില്‍ നില്‍ക്കുന്നുമുണ്ട്.

സ്വാതിയാണ് ആദ്യം ഗര്‍ഭിണിയാവുകയെന്നും, സീത ഗര്‍ഭിണിയാകില്ലെന്നും ചിന്തിച്ചിരിക്കുന്ന രാജേശ്വരിക്ക് താങ്ങാനാകുന്നതിനുമപ്പുറമാകും സീത ഗര്‍ഭിണിയാണെന്ന സത്യം. സീത ഗര്‍ഭിണിയാണെന്നറിയുന്ന രാജേശ്വരി എങ്ങനെ പ്രതികരിക്കും എന്നതാണ് പരമ്പരയിലെ പുതിയ ആകാംക്ഷ. വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു.