തമിഴിൽ നിന്നാണ് കന്നഡ ഉരുത്തിരിഞ്ഞതെന്ന കമൽഹാസന്റെ പ്രസ്താവന കർണാടകയിൽ പ്രതിഷേധത്തിന് കാരണമായി. തഗ് ലൈഫ് എന്ന ചിത്രത്തിന് കന്നഡ ഫിലിം ചേംബർ വിലക്ക് ഏർപ്പെടുത്തി. കമലിന്റെ പ്രസ്താവനയെ ശിവ രാജ്കുമാർ എതിർത്തു.

ബെംഗലൂരു: കർണാടകയിൽ തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രമോഷനു വേണ്ടി രംഗത്തിറങ്ങിയ നടൻ കമൽഹാസൻ തമിഴിൽ നിന്നാണ് കന്നഡ ഭാഷ ഉരുത്തിരിഞ്ഞതെന്ന് പറഞ്ഞത് സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കമൽ ഈ പ്രസ്താവന നടത്തിയപ്പോൾ കയ്യടിച്ചെന്ന വാർത്ത ഈ പ്രമോഷണൽ പരിപാടിയിൽ പങ്കെടുത്ത കന്നഡ നടൻ ശിവ രാജ്കുമാർ നിഷേധിച്ചിരിക്കുകയാണ് ഇപ്പോള്‍. 

കന്നഡ അനുകൂല സംഘടനകൾ സംസ്ഥാനത്ത് തഗ് ലൈഫ് റിലീസ് ചെയ്യരുതെന്ന് തിയേറ്ററുകളോട് ആവശ്യപ്പെട്ടത് അനുസരിച്ച് ചിത്രത്തിന് കന്ന‍ഡ ഫിലിം ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കമലിന്‍റെ പ്രസ്താവനയെക്കുറിച്ച് പറഞ്ഞ ശിവ രാജ് കുമാര്‍ കന്നഡയെക്കുറിച്ചുള്ള കമലിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. 

"എല്ലാ ഭാഷകളും ഞങ്ങൾക്ക് പ്രധാനമാണ്. എന്നാൽ മാതൃഭാഷയുടെ കാര്യത്തിൽ, കന്നഡയാണ് പ്രഥമ പരിഗണന, അതിൽ യാതൊരു സംശയവുമില്ല. കന്നഡയ്ക്ക് വേണ്ടി എനിക്ക് എന്റെ ജീവൻ നൽകാൻ പോലും തയ്യാറാണെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്". കമൽഹാസനോട് പ്രസ്താവനയില്‍ ക്ഷമ ചോദിക്കാന്‍ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്. അത് തനിക്ക് പറയാന്‍ സാധിക്കില്ലെന്നും, അദ്ദേഹം ഒരു മുതിർന്ന നടനാണ്, ഞാൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകനാണ് എന്നുമാണ് പറഞ്ഞത്. 

കമലിന്റെ പരാമർശം പറഞ്ഞപ്പോൾ കൈയടിച്ചുകൊണ്ട് പിന്തുണച്ചുവെന്ന തെറ്റിദ്ധാരണ പലർക്കും ഉള്ളതായി തോന്നുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. "ഞാന്‍ കൈയടിച്ചതായി സമ്മതിക്കുന്നു, പക്ഷേ അത് വ്യത്യസ്തമായ മറ്റൊരു പ്രസ്താവനയ്ക്കായിരുന്നു" അദ്ദേഹം പറഞ്ഞു, “പരിപാടിയിൽ, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ ഞാൻ അതിന് കൈയടിക്കുന്നതുപോലെയാണ് അവർ ക്ലിപ്പിംഗുകൾ കാണിക്കുന്നത്. അദ്ദേഹം എന്റെ ചിത്തപ്പ ആണെന്ന് അദ്ദേഹം പറഞ്ഞതിനാണ് ഞാൻ കൈയടിച്ചത്.” ശിവരാജ് കുമാര്‍ പറഞ്ഞു. 

അതേ സമയം ജൂണ്‍ 5ന് ആഗോള റിലീസിന് ഒരുങ്ങുന്ന ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യില്ല. ഭാഷാ വിവാദത്തില്‍ നടന്‍ മാപ്പുപറയാന്‍ തയാറാകത്തതിനെ തുടര്‍ന്നാണ് റിലീസ് നിരോധിക്കാന്‍ കര്‍ണാടക ഫിലിം ചേംബര്‍ തീരുമാനിച്ചത്.

അതേ സമയം ബെംഗലൂരുവില്‍ തഗ് ലൈഫ് പ്രമോഷനിടെ ആദിദ്രാവിഡ ഭാഷകളെക്കുറിച്ചുള്ള കമൽഹാസന്‍റെ പ്രസ്താവനയിന്മേലാണ് വിവാദം. കന്നഡ ഭാഷ തമിഴിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് കമൽ ഹാസൻ ചടങ്ങിൽ പറഞ്ഞിരുന്നത്. ഇത് കന്നഡയെ അപമാനിക്കുന്നതാണെന്നാരോപിച്ച് ബിജെപിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്.