'ബിഗ്‌ബോസ് സീസൺ ഒന്നിൽ മത്സരാര്‍ത്ഥിയായി എത്തി ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് നിന്നെത്തിയ ഷിയാസിന് കൂടുതല്‍ അവസരങ്ങളിലേക്കുള്ള പാത തുറക്കുന്നതായിരുന്നു ബിഗ് ബോസ് ഷോ. സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് ഷിയാസിനുള്ളത്.

നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഷിയാസ് അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.  'അടിമയെ പോലെ പണിയെടുക്കൂ രാജാവിനെ പോലെ ജീവിക്കൂ'- എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. അടുക്കളയിൽ പൊറോട്ടയടിക്കുന്നതും ഗ്ലാസ് കഴുകി വയ്ക്കുന്നതും, ശേഷം പുത്തൻ മേക്കോവറിൽ വരുന്നതുമായ ഒരു തീം വീഡിയോയാണ് ഷിയാസ് പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അടുത്തിടെയാണ് ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച ഒരു കാര്യം സാധിക്കാനായതിന്‍റെ സന്തോഷം ഷിയാസ് പങ്കുവച്ചത്. സ്വന്തമായി ഒരു ഫിറ്റ്നസ് സെന്‍റര്‍ തുടങ്ങിയെന്നായിരുന്നു താരം അറിയിച്ചത്.  എറണാകുളം അങ്കമാലിയില്‍ എസ്കെ ഫിറ്റ് ജിം ആന്‍ഡ് ന്യുട്രീഷന്‍ എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഷിയാസിന്റെ ഉമ്മയായിരുന്നു.