നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സൽമാൻ ഖാന്റെ സിക്കന്ദർ പ്രേക്ഷക പ്രീതി നേടിയില്ല. കഥയും അഭിനയവും സംവിധാനവും വിമർശിക്കപ്പെട്ടു, സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞു.

മുംബൈ: റിലീസ് ചെയ്ത സമയത്ത് നേരിട്ട തിരിച്ചടികൾക്ക് ശേഷം സൽമാൻ ഖാന്‍റെ സിക്കന്ദർ നെറ്റ്ഫ്ലിക്സില്‍ ഒടിടി റിലീസായി എത്തിയിരുന്നു. എന്നാല്‍ തീയറ്ററില്‍ ലഭിച്ച ട്രോളുകള്‍ക്ക് വലിയ മാറ്റമൊന്നും വരുത്തിയില്ല ഒടിടി റിലീസും എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. ചിത്രത്തിന്‍റെ കഥയും മോശം അഭിനയവും വീണ്ടും ട്രോളുകളില്‍ നിറയുകയാണ് ഒടിടി റിലീസിന് പിന്നാലെ. 

സൽമാന്‍ ഖാന്‍ നായകനായി എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം ഞായറാഴ്ചയാണ് (മെയ് 25) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ചിത്രം തീയറ്ററില്‍ കാണാത്ത പലരും ഇത്തരം ഒരു മോശം ചിത്രത്തില്‍ സല്‍മാന്‍ എങ്ങനെ നായകനായി എത്തി ചോദ്യമാണ് ഉയര്‍ത്തുന്നത്. 

ചില എക്സ് പ്രതികരണങ്ങള്‍ ഇങ്ങനെയാണ്, “ആ സിനിമ കണ്ടാല്‍ പോലും നിങ്ങള്‍ വലിയ ധൈര്യശാലിയാണ് എന്ന് തെളിയിക്കാം”. “നെറ്റ്ഫ്ലിക്സിൽ #സിക്കന്ദറിന്റെ 10 മിനിറ്റ് പോലും കാണാൻ കഴിഞ്ഞില്ല. സൽമാൻഖാൻ ഇത്തരം മോശം സിനിമകൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം അല്ലെങ്കിൽ അഭിനയത്തിൽ നിന്ന് ഗൗരവമായി വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം".

“സിക്കന്ദറിനെ നെറ്റ്ഫ്ലിക്സിൽ കണ്ടു, ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ എനിക്ക് അത് കാണാന്‍ പറ്റിയില്ല, കഥയും സല്‍മാന്‍റെ അഭിനയവും മോശമല്ലായിരുന്നു, പക്ഷേ സംവിധാനം ദുർബലമായിരുന്നു, ദയവായി ദക്ഷിണേന്ത്യൻ സംവിധായകരുമായി സിനിമകൾ ചെയ്യരുത്, കാരണം നമുക്ക് അവരുടെ ശൈലി നോര്‍ത്ത് ഇന്ത്യയ്ക്ക് ചേരില്ല” ഒരാള്‍ എക്സില്‍ പോസ്റ്റിട്ടു. 

അതേ സമയം ഇത്തരം വന്‍ ബജറ്റ് ചിത്രങ്ങള്‍ ശരിക്കും ആളുകളെ കബളിപ്പിക്കുകയാണ് എന്നാണ് ഒരു കമന്‍റ്. അതേ സമയം അടുത്തകാലത്തായി ആക്ഷന്‍ ചിത്രം ചെയ്യുന്നതില്‍ സല്‍മാന്‍ ഷാരൂഖ് ഖാനെ കണ്ടുപഠിക്കണം എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഈ പടം കാണുന്ന ദക്ഷിണേന്ത്യക്കാര്‍ ഇത് എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത പടമാണെന്ന് വിശ്വസിക്കില്ലെന്നാണ് മറ്റൊരു കമന്‍റ് വന്നത്. 

നദിയാദ്‍വാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്, സല്‍മാന്‍ ഖാന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സാജിദ് നദിയാദ്‍വാലയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു.