വന്ദേഭാരതില്‍ സുരേഷ് ഗോപി; പുറത്ത് സിഗ്നേച്ചര്‍ സ്റ്റെപ്പുമായി പിള്ളേര്‍; ഒടുവില്‍ സുരേഷ് ഗോപിയുടെ പ്രതികരണം
2 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ച റീല്‍

സിനിമാ താരമായും പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തകനായും ഇപ്പോള്‍ കേന്ദ്ര മന്ത്രിയായുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എല്ലായ്പ്പോഴും നിറഞ്ഞ് നില്‍ക്കുന്ന സാന്നിധ്യമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹം കൂടി ഉള്‍പ്പെട്ട ഒരു റീല്‍ വീഡിയോ വൈറല്‍ ആവുകയാണ്. ഒരു റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വന്ദേഭാരത് ട്രെയിനിലെ വിന്‍ഡോ സീറ്റില്‍ ഇരിക്കുകയാണ് സുരേഷ് ഗോപി. ഈ സമയം പുറത്ത് നില്‍ക്കുന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ എടുത്തിരിക്കുന്നതാണ് വൈറല്‍ റീല്‍.
സുരേഷ് ഗോപിയുടെ സിഗ്നേച്ചര്‍ ഡാന്‍സ് സ്റ്റെപ്പ് ആണ് എല്ലാവരും ചേര്‍ന്ന് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപി നായകനായ ഡ്രീംസ് എന്ന ചിത്രത്തിലെ മണിമുറ്റത്ത് ആവണിപ്പന്തല്‍ എന്ന പാട്ടാണ് പശ്ചാത്തലത്തില്‍. ക്യാമറ പാന്‍ ചെയ്യുന്നത് ട്രെയിനില്‍ ഇരിക്കുന്ന സുരേഷ് ഗോപിയിലേക്കാണ്. ഭരത് ചന്ദ്രന്‍ എന്ന അദ്ദേഹത്തിന്‍റെ മറ്റൊരു കഥാപാത്രം പറയുന്ന പ്രശസ്ത ഡയലോഗ് ആണ് റീലിലെ ആ ഭാഗത്ത്. റീല്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് സുരേഷ് ഗോപി ഇത് കണ്ടിട്ടില്ല. എന്നാല്‍ റീല്‍ വൈറല്‍ ആയതോടെ അതിന് കമന്‍റുമായി സുരേഷ് ഗോപി എത്തിയിട്ടുണ്ട്.
ഇതൊക്കെ എപ്പോള്‍ എന്നാണ് അദ്ദേഹത്തിന്‍റെ കമന്‍റ്. 2 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ച റീല്‍ ആണിത്. സുരേഷ് ഗോപിയുടെ കമന്‍റിന് ഇതിനകം നാല്‍പതിനായിരത്തോളം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടയില്‍ സുരേഷ് ഗോപിക്ക് ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനുമുണ്ട്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രമാണ് ഇത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്.
ALSO READ : വീഡിയോയ്ക്ക് താഴെ അധിക്ഷേപ പരാമര്‍ശം; മറുപടിയുമായി സുമ ജയറാം
