'കറുപ്പ്' സിനിമയുടെ പ്രീ റിലീസ് ഇവെന്‍റിനിടെ വേദിയിൽ സൂര്യയുടെ കാലിൽ വീണ ആരാധകന്‍റെ വീഡിയോ വൈറലാകുന്നു
സിനിമയിലെ സൂപ്പര്‍ താരങ്ങളോട് പ്രേക്ഷകരില്‍ പലര്‍ക്കുമുള്ള ആരാധന വളരെ വലുതാണ്. പൊതുവേദികളില്‍ അവര്‍ അത് പ്രകടിപ്പിക്കുന്നതിന്‍റെ വീഡിയോകള്‍ പലപ്പോഴും വൈറല്‍ ആവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. സൂര്യയ്ക്കൊപ്പം ഒരു സെല്‍ഫി എടുക്കാനായി ഒരു ആരാധകന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ ആണ് ഇത്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം കറുപ്പിന്‍റെ തെലുങ്ക് പതിപ്പ് വീരഭദ്രുഡുവിന്‍റെ പ്രീ റിലീസ് ഇവെന്‍റിനായി ഹൈദരാബാദില്‍ എത്തിയതായിരുന്നു സൂര്യ. ഇവെന്‍റ് വേദിയില്‍ യുവാവായ ഒരു ആരാധകന്‍ സൂര്യയുടെ കാലില്‍ വിടാതെ പിടിക്കുന്ന വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്.

ഇത് കണ്ട് നൊടിയിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടേക്ക് പാഞ്ഞെത്തി ചെറുപ്പക്കാരനെ അവിടെനിന്ന് മാറ്റാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ബലപ്രയോഗം തടയുന്ന സൂര്യയെയും കാണാം. യുവാവിനെ തന്‍റെ അടുത്തേക്ക് നീക്കിനിര്‍ത്തി ഒരു സെല്‍ഫി എടുക്കാനുള്ള അവസരവും കൊടുക്കുന്നുണ്ട് സൂര്യ. ആരാധകന്‍റെ നടപടി വിമര്‍ശിക്കപ്പെടുമ്പോള്‍ സൂര്യ ചെയ്തതിന് കൈയടി ലഭിക്കുന്നുമുണ്ട് സോഷ്യല്‍ മീഡിയയില്‍. സംഭവം നടക്കുമ്പോള്‍ സൂര്യയ്ക്കൊപ്പം കാര്‍ത്തിയും വേദിയില്‍ ഉണ്ടായിരുന്നു.
സൂര്യ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ കറുപ്പ് സംവിധാനം ചെയ്യുന്നത് ആര്‍ ജെ ബാലാജിയാണ്. സംവിധാനത്തിനൊപ്പം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട് അദ്ദേഹം. മെയ് 14 നാണ് ചിത്രത്തിന്‍റെ റിലീസ്. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ സമ്പൂര്‍ണ്ണ ആക്ഷൻ എന്റർടെയ്നര്‍ ആയിരിക്കും എന്ന തോന്നലാണ് നേരത്തെ പുറത്തെത്തിയ ട്രെയ്‍ലര്‍ സൃഷ്ടിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ– തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐ എം പി ഫിലിംസാണ് കറുപ്പ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

