ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് 2020 ജൂൺ 14-നാണ് മുംബൈയിലെ ഈ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. 

മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത് മുംബൈയിൽ താമസിച്ചിരുന്ന ഫ്ലാറ്റില്‍ മൂന്ന് വർഷത്തിന് ശേഷം പുതിയ വാടകക്കാരന്‍ എത്തുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരനായ ഫ്ലാറ്റ് ഉടമ ഒടുവിൽ പുതിയ വാടകക്കാരനെ കണ്ടെത്തിയെന്നാണ് വിവരം. മുംബൈയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറായ റഫീക്ക് മർച്ചന്റ് വഴിയാണ് പുതിയ വാടകക്കാരന്‍ എത്തുന്നത്. ഇതിന്‍റെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ് എന്നാണ് റഫീക്കിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് 2020 ജൂൺ 14-നാണ് മുംബൈയിലെ ഈ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അതിനുശേഷം വലിയ വിവാദങ്ങളാണ് ബോളിവുഡിലും രാഷ്ട്രീയത്തിലും പൊട്ടിപ്പുറപ്പെട്ടത്. അടുത്തകാലത്ത് സുശാന്തിന്‍റെത് കൊലപാതകമാണെന്ന വെളിപ്പെടുത്തല്‍ ഈ കേസ് വീണ്ടും സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവരുകയാണ്. 

നിലവില്‍ 5 ലക്ഷം രൂപയ്ക്കാണ് ഫ്ലാറ്റില്‍ പുതിയ വാടകക്കാരന്‍ എത്തുന്നത് എന്നാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കറായ റഫീക്ക് മർച്ചന്റ് പറയുന്നത്. 30 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കുന്നുണ്ട്. ഇത് ആറുമാസത്തെ വാടകയ്ക്ക് സമമാണ്. എന്നാല്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത് ആരാണ് എന്ന് ഉടമയോ ബ്രോക്കറോ വെളിപ്പെടുത്തിയിട്ടില്ല. 

സുശാന്ത് മരണപ്പെട്ട ഫ്ലാറ്റ് എന്ന് പറഞ്ഞ് തന്നെയാണ് വില്‍പ്പന എന്നാണ് ബ്രോക്കര്‍ പറയുന്നത്. ഡിസംബര്‍ ആദ്യം ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാന്‍ ആളുകള്‍ താല്‍പ്പര്യം കാണിക്കുന്നില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതേ സമയം സിനിമ താരങ്ങള്‍ക്കും മറ്റും ഫ്ലാറ്റ് വാടകയ്ക്ക് നല്‍കാനും ഉടമ താല്‍പ്പര്യ കുറവ് പ്രകടിപ്പിച്ചിരുന്നു. 

സുശാന്തിന്‍റെ മരണത്തില്‍ പുറത്തുവന്ന വെളിപ്പെടുത്തല്‍; പ്രതികരിച്ച് സുശാന്തിന്‍റെ കുടുംബം