Asianet News MalayalamAsianet News Malayalam

'ടിനി ടോം മിമിക്രി ചെയ്തു'; 'നാണ് , പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ' ആഘോഷിച്ച് ട്രോളന്മാര്‍

സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇതിലെ ബാലയുടെ ഡയലോഗ് വച്ച് ഏറെ ട്രോളുകളാണ് വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ വരുന്നത്. 

tini tom bala troll in social media gone viral
Author
First Published Aug 29, 2022, 1:46 PM IST

കൊച്ചി: അടുത്തകാലത്ത് ഏറെ ട്രോള്‍ നേരിട്ട കലാകാരനാണ് ടിനി ടോം. ടിനിയുടെ മിമിക്രിയെ ആണ് പുതിയ കാല ട്രോളന്മാര്‍ എന്നും വിമര്‍ശന വിധേയമാക്കിയത്. ഇതിന് ടിനി നല്‍കുന്ന മറുപടിയുമായി ചൂടേറിയ ചര്‍ച്ചയായി. പലപ്പോഴും ടിനി മിമിക്രി നടത്തുന്നത് സ്വന്തം ശബ്ദത്തിലാണ് എന്നാണ് ട്രോളന്മാരുടെ പരിഹാസം. ഇത് സംബന്ധിച്ച് നിരന്തരം ടിനി ടോം ട്രോള്‍ ചെയ്യപ്പെടാറും ഉണ്ട്.

എന്നാല്‍ അടുത്തിടെ ഒരു ടിവി പരിപാടിയില്‍ ടിനി ടോം ചെയ്ത അനുകരണം പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. പ്രമുഖ ചാനലിന്‍റെ കോമഡി പരിപാടിയിലായിരുന്നു ടിനി നടന്‍ ബാലയെ അനുകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാല സംവിധാനം ചെയ്ത 'ഹിറ്റ്ലിസ്റ്റ്' എന്ന പടത്തില്‍ അഭിനയിക്കാന്‍ വിളിച്ച അനുഭവം ടിനി ടോം വിവരിച്ചതാണ് വൈറലായത്. 

ഇതില്‍ ടിനി ബാലയെ അനുകരിച്ചത് വളരെ നന്നായി എന്നാണ് ട്രോളന്മാരുടെ അഭിപ്രായം. ഇത് വച്ച് പ്രമുഖ വീഡിയോ ട്രോള്‍ മേക്കര്‍ ഉബൈദ് ഇബ്രാഹിം ചെയ്ത വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. 

വീഡിയോയില്‍ ടിനി ടോം വിവരിക്കുന്നത് ഇങ്ങനെ

"എട്ട് ഒന്‍പത് വർഷം മുൻപ്, ബാല ഒരു പടം നിർമിക്കുന്നു, ബാല തന്നെയാണ് സംവിധാനം ചെയ്യുന്നതും. ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, ടിനിയേട്ടാ, നമ്മള് ഫ്രണ്ട്സ് സെറ്റപ്പില്‍, അതായത് ഞാൻ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ എന്നിവരെല്ലാം ചേർന്നൊരു പടം ചെയ്യുന്നു. നിങ്ങളുടെ പേമെന്‍റ് എത്രയാണെന്ന് പറയൂ, എക്സിക്യൂട്ടിവ് എൽദോ വിളിക്കും.

എൽദോ വിളിച്ചു, എത്ര ദിവസം ഉണ്ടാവും ഷൂട്ടെന്ന് ചോദിച്ചപ്പോൾ നാലഞ്ചു ദിവസം ഉണ്ടാകുമെന്ന് പറഞ്ഞു. ഒരു 3-4 രൂപ കിട്ടില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇപ്പോ പറയാമെന്ന് പറഞ്ഞ് എൽദോ വച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ബാല വിളിച്ച്, നിങ്ങൾ മൂന്നു നാലുരൂപ ചോദിച്ചോ, നിങ്ങള് കമ്മിയായിട്ട് പറയ്, നാണ് ഉണ്ണി മുകുന്ദണ് പ്രിത്വിറാജ് അണൂപ് മേണോൻ… എല്ലാവരും ചേർന്ന് … (ബാലയുടെ ശബ്ദത്തില്‍)
ഇതോടെ പേടിയായി, കാശ് കൂടുതൽ ചോദിച്ചാൽ ആ ബെൽറ്റിൽ നിന്ന് ഞാൻ ഔട്ടാവുമോ? ഞാൻ പകുതിയാക്കി, എൽദോയോട് ഒരു രണ്ടു രൂപയെന്ന് പറഞ്ഞു. അതു കഴിഞ്ഞപ്പോൾ വീണ്ടും ബാല, നിങ്ങൾ രണ്ടു രൂപ ചോദിച്ചോ, ഞാൻ,
പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ…

പിന്നെയും എൽദോ വിളിച്ചു, ഞാനൊരു ഒരു രൂപ പറഞ്ഞു. ബാല വീണ്ടും വിളിച്ച്.. ഞാൻ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ… ഒടുവിൽ എനിക്ക് പേടിയായി, ഞാൻ കാരണം ഇനി ഞാന്‍ ഈ ടീമിന് പുറത്താകുമോ എന്നോർത്ത് ഞാൻ വന്ന് അഭിനയിക്കാമെന്ന് പറഞ്ഞു.

അങ്ങനെ ഷൂട്ട് കഴിഞ്ഞ് പോവാൻ നേരം ഞാൻ ട്രാവലിങ്ങിന്റെ പൈസ ചോദിച്ചു, ഒരു 500 രൂപയെങ്കിലും, ബാല വീണ്ടും വന്നേക്കുന്നു, ഞാൻ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ… എന്ന ഡയലോഗ്"

ഈ കഥ സൂരാജ് വെഞ്ഞാറമൂട് പിന്നീട് സിനിമ സര്‍ക്കിളില്‍ മാറ്റിയെന്നും ടിനി ടോം പറയുന്നുണ്ട്. "ഈ കഥ പിന്നീട് സുരാജ് ഒക്കെ വേറെ കഥയാക്കി. ഉച്ചയ്ക്ക് മീൻകറി ചോദിച്ചപ്പോൾ പുള്ളി വീണ്ടും വന്ന്, നിങ്ങള് മീൻകറി ചോദിച്ചാ...ഞാൻ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ…". ഇങ്ങനെയൊക്കെയാണെങ്കിലും, യഥാർഥ ജീവിതത്തിൽ ബാല തന്റെ നല്ല സുഹൃത്താണെന്നും സിനിമ കഴിഞ്ഞപ്പോൾ തനിക്ക് നല്ല കാശ് തന്നെന്നും ടിനി കൂട്ടിച്ചേർത്തു.

എന്തായാലും ഈ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇതിലെ ബാലയുടെ ഡയലോഗ് വച്ച് ഏറെ ട്രോളുകളാണ് വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ വരുന്നത്. 

തിടമ്പേറ്റിയ കൊമ്പന്റെ പ്രൗഢിയോടെ 25 ദിനങ്ങൾ; വിജയഭേരി മുഴക്കി 'പാപ്പന്റെ' തേരോട്ടം

'സുരേഷേട്ടന്റെ നന്മ ആയിരിക്കാം പാപ്പൻ വിജയിക്കാൻ കാരണം': നന്ദി പറഞ്ഞ് ടിനി ടോം

Follow Us:
Download App:
  • android
  • ios