ഒപ്പം പഴയ ഡയലോഗ് ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പും

"നാന്‍, പൃഥ്വിരാജ്, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍.. ഫ്രണ്ട്സ് സെറ്റപ്പില്‍ ഒരു പടം എടുക്കുന്നു". നടന്‍ ബാലയുടെ ശബ്ദത്തില്‍ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി ഇരിക്കെ ടിനി ടോം നടത്തിയ ചെറിയ മിമിക്രി പ്രകടനം ആസ്വാകര്‍ ഒന്നായി ഏറ്റെടുത്തിരുന്നു. ബാല സംവിധാനം ചെയ്‍ത ദ് ഹിറ്റ്ലിസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാനായി തന്നെ വിളിച്ചെന്നും നിര്‍മ്മാതാവിനോട് താന്‍ ആദ്യം ചോദിച്ച പ്രതിഫലം കുറയ്ക്കാന്‍ ബാല ആവശ്യപ്പെട്ടെന്നുമായിരുന്നു ടിനി പറഞ്ഞത്. താനും പൃഥ്വിരാജും ഉണ്ണി മുകുന്ദനും അനൂപ് മേനോനും അടങ്ങുന്ന ഫ്രണ്ട്സ് സെറ്റപ്പില്‍ ഒരുങ്ങുന്ന പടമാണ് ഇതെന്നും പ്രതിഫലം കുറയ്ക്കണമെന്നും ബാല ആവശ്യപ്പെട്ടെന്ന് പൊടിപ്പും തൊങ്ങലും വച്ച് അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ ടിനി പറഞ്ഞതാണ് ആസ്വാദകര്‍ ഏറ്റെടുത്തത്. സന്ദര്‍ഭത്തില്‍ നിന്നും ഈ ഡയലോഗ് അടര്‍ത്തിയെടുത്ത നിരവധി മീമുകളും ട്രോളുകളും ആഴ്ചകള്‍ക്കു മുന്‍പ് സോഷ്യല്‍ മീഡിയ ഭരിച്ചിരുന്നു. ട്രോളുകളുടെ എണ്ണം കൂടിയതോടെ പരിഹാസം ക്രൂരമാകുന്നുവെന്ന വിമര്‍ശനങ്ങളും പിന്നാലെ ഉയര്‍ന്നു. ഇപ്പോഴിതാ ആ ഡയലോഗില്‍ പറയുന്ന സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ടിനി ടോം.

ഉണ്ണി മുകുന്ദനും ബാലയ്ക്കും ഒപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ടിനി ടോം പങ്കുവച്ചത്. ഒരുമിച്ച് ഒരു യാത്ര. സുഹൃത്തുക്കള്‍ എക്കാലത്തേക്കും ഉള്ളതാണ്. ഇപ്പൊ എടുത്തത്. ഞങ്ങള്‍ ഇപ്പോള്‍ ഒരു ലെമണ്‍ ടീ കുടിക്കുകയും ചെയ്‍തു, എന്നാണ് പഴയ ഡയലോഗ് ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള ടിനിയുടെ കുറിപ്പ്.

ALSO READ : പ്രതീക്ഷ തെറ്റിക്കാതെ ജീത്തു ജോസഫ്; 'കൂമന്‍' റിവ്യൂ

വിനയന്‍റെ സംവിധാനത്തില്‍ എത്തിയ ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ആണ് ടിനി ടോം അഭിനയിച്ച് അവസാനം പുറത്തെത്തിയ ചിത്രം. കുഞ്ഞു പിള്ള എന്ന കഥാപാത്രത്തെയാണ് ടിനി അവതരിപ്പിച്ചത്. ബോക്സ് ഓഫീസില്‍ വിജയം നേടിയിരുന്നു ചിത്രം.